വമ്പന്‍ ക്ലബുകള്‍ പിന്നാലെ കൂടിയപ്പോള്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് മറ്റൊന്നും നോക്കിയില്ല. അവരുടെ കൗമാരതാരത്തിന് വില കുത്തനെ കൂട്ടി. ബൊറുസിയയിലെ പുത്തന്‍ താരോദയം പത്തൊമ്പതുകാരന് ജേഡന്‍ സാഞ്ചോയുടെ വിലയാണ് കുത്തനെ കൂട്ടിയത്. 1135 കോടി രൂപയാണ് ഇപ്പോള്‍ സാഞ്ചോ എന്ന വിങ്ങര്‍ക്ക് ക്ലബ് വിലയിട്ടത്.
ഇംഗ്ലീഷ് ക്ലബുകളായ ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡുമാണ് സാഞ്ചോയുടെ പിന്നാലെ കൂടിയത്. ഇംഗ്ലീഷ് താരത്തിനായി 950 കോടി മുടക്കാന്‍ തയ്യാറാണെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അറിയിച്ചു.
ഈ കരാര്‍ നടന്നാല്‍ തന്നെ അത് ക്ലബ് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ട്രാന്‍സ്ഫറായി മാറും. 2017ല്‍ 75 കോടി രൂപയ്ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍നിന്ന് സാഞ്ചോയെ ബൊറൂസിയ വാങ്ങിയത്. ഇതുവരെ ബൊറൂസിയയ്ക്കായി 88 മത്സരം കളിച്ച സാഞ്ചോ 31 ഗോളും നേടി. ഇക്കഴിഞ്ഞ ഡിസംബറില്‍ 51 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്താണ് സാഞ്ചോ വാര്‍ത്തകളില്‍ ഇടംനേടിയത്. ജര്‍മ്മന്‍ ബുണ്ടസ് ലീഗില്‍ 22 ഗോളുകള്‍ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് അദ്ദേഹം സ്വന്തമാക്കിയത്. 2017ല്‍ ഇന്ത്യയില്‍ നടന്ന ഫിഫ അണ്ടര്‍17 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമില്‍ അംഗമായിരുന്നു സാഞ്ചോ.
ഇക്കഴിഞ്ഞ ഒക്ടോബറില്‍ ബുണ്ടസ് ലിഗയിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് സാഞ്ചോ ആയിരുന്നു. ബയേണ്‍ മ്യൂണിക്ക് അടക്കമുള്ള വന്‍ ടീമുകളെ സാഞ്ചോയുടെ കരുത്തില്‍ തോല്‍പ്പിക്കാന്‍ ബൊറുസിയ ഡോര്‍ട്ട്മുണ്ടിന് സാധിച്ചു.