ലണ്ടന്‍: കോവിഡ് മഹാമാരി യൂറോപ്പിന്റെ നിലവിലെ ഭൂപടം മാറ്റിവരയ്ക്കുമെന്ന് ശതകോടീശ്വരനും നിക്ഷേപകനുമായ ജോര്‍ജ് സോറോസ്. കോവിഡിനെ നേരിടാനുള്ള ബജറ്റ് വിഹിതം ഉയര്‍ത്താതെ രാജ്യങ്ങള്‍ മുന്നോട്ടു പോയാല്‍ ഒരുപക്ഷേ, യൂറോപ്യന്‍ യൂണിയന് തന്നെ അപ്രസക്തമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
‘അങ്ങേയറ്റത്തെ ചില സാഹചര്യങ്ങള്‍ അത്തരത്തിലുള്ള ചില മുന്‍കരുതലുകളും ആവശ്യപ്പെടുന്നുണ്ട്. ബോണ്ടുകളും ആശ്വാസങ്ങളും ഈ ഘട്ടത്തിലുള്ള ചില മാനദണ്ഡങ്ങളാണ്. സാധാരണ സമയങ്ങളില്‍ അത് പരിഗണിക്കാനേ പറ്റില്ല. യൂറോപ്യന്‍ യൂണിയന് ഇപ്പോള്‍ ഇത് പരിഗണിച്ചില്ലെങ്കില്‍ മുമ്പിലുള്ള വെല്ലുവിളികളെ അതിജീവിക്കാന്‍ അതിനാകില്ല. ഇതൊരു ആശയപരമായ സാദ്ധ്യതയല്ല. ദുരന്തപൂര്‍ണ്ണമായ ഒരു യാഥാര്‍ത്ഥ്യമാണ്’ – ഡച്ച് മാദ്ധ്യമമായ ഡെ ടെലഗ്രാഫിന് നല്കിയ അഭിമുഖത്തില്‍ സോറോസ് വ്യക്തമാക്കി.
കോവിഡിനെ നേരിടാന്‍ യൂറോപ്യന്‍ യൂണിയനിലെ ദക്ഷിണ മേഖലയിലെ രാഷ്ട്രങ്ങള്‍ക്ക് പണം വേണ്ടതുണ്ട്. അവിടെയാണ് കോവിഡ് കൂടുതല്‍ ദുരന്തം വിതച്ചത്. ഇറ്റലി വിശേഷിച്ചും. ഇറ്റലിക്കാര്‍ അവരുടെ സര്‍ക്കാറിനേക്കാള്‍ യൂറോപ്പിനെയാണ് വിശ്വസിച്ചത്. അതിന് ഒരുപാട് കാരണങ്ങളുണ്ട്. എന്നാല്‍ 2015ലെ അഭയാര്‍ത്ഥി പ്രതിസന്ധിയില്‍ യൂറോപ്പ് ഇറ്റലിയെ മോശമായാണ് കൈകാര്യം ചെയ്തത്. ഈയിടെ ജര്‍മനിക്ക് അനുകൂലമായ ചില ഇളവുകളാണ് യൂണിയനില്‍ നിന്നുണ്ടായത്’- അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങള്‍ വിചാരിക്കുന്നതിനേക്കാല് വലുതായിരിക്കും കോവിഡിന്റെ സാമ്പത്തിക ആഘാതമെന്നും അദ്ദേഹം പറഞ്ഞു. ‘മിക്ക ജനങ്ങളും ചിന്തിക്കുന്നതിനേക്കാള്‍ കൂടുതല്‍’ എന്നായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിന് സോറോസിന്റെ മറുപടി.
അതിനിടെ, മെയ് 18ന് നടത്തിയ പത്ര സമ്മേളനത്തില്‍ യൂറോപ്യന്‍ യൂണിയന്റെ കോവിഡ് ബാധിത പ്രദേശങ്ങള്‍ക്കായി ജര്‍മനിയും ഫ്രാന്‍സും 549 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു.