ജോര്‍ജ് ഫ്‌ളോയ്ഡ്: യു.എസില്‍ പ്രതിഷേധം കത്തുന്നു; വൈറ്റ് ഹൗസ് അടച്ചു- സൈന്യത്തെ ഇറക്കാന്‍ ആലോചന

വാഷിങ്ടണ്‍: കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസുകാരന്‍ കാല്‍മുട്ടിനിടയില്‍ ഞെരിച്ചു കൊന്നതിനെതിരെ മിനിയാപോളിസില്‍ ആരംഭിച്ച പ്രതിഷേധം രാജ്യത്തെ മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നു. അറ്റ്‌ലാന്റ, കെന്റുകി, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, അരിസോണ, ഫീനിക്‌സ്, ജോര്‍ജിയ തുടങ്ങി 20 ലേറെ നഗരങ്ങളില്‍ ജനം നീതിയാവശ്യപ്പെട്ട് തെരുവിലിറങ്ങിയിരിക്കുകയാണ്. പ്രതിഷേധത്തില്‍ ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസ് താല്‍ക്കാലികമായി അടച്ചു.

പ്രതിഷേധത്തില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു. മിഷിഗനിലെ ഡെട്രോയിറ്റില്‍ 19കാരനാണ് മരണത്തിന് കീഴടങ്ങിയത്. നൂറു കണക്കിന് ആളുകള്‍ നടത്തിയ പ്രതിഷേധത്തിലേക്ക് അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഗ്രീക്ക്ടൗണ്‍ എന്റര്‍ടൈന്‍മെന്റ് ഡിസ്ട്രികിലായിരുന്നു സംഭവം.

മിനിയാപോളിസില്‍ പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷനും പോസ്റ്റ് ഓഫീസും അടക്കം നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് തീയിട്ടു. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും പ്രതിഷേധം അക്രമാസക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇവിടേക്ക് സൈന്യത്തെ നിയോഗിക്കാന്‍ പെന്റഗണ്‍ ആലോചിക്കുന്നുണ്ട്. ഇത്തരത്തില്‍ പെന്റഗണ്‍ ഉത്തരവിടുന്നത് അപൂര്‍വ്വമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അവിശ്വസനീയമായ രീതിയില്‍ അപകടകരമാണ് മിനിയാപോളിസിലെ സാഹചര്യമെന്ന് ഗവര്‍ണര്‍ ടിം വാല്‍സ് പറഞ്ഞു. ആയിരക്കണക്കിന് പേരാണ് നഗരത്തില്‍ പ്രതിഷേധിക്കുന്നത്.

അതിനിടെ, ഫ്‌ളോയ്ഡിനെ കൊന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറെക് ചൗവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചൗവിന്റെ ഭാര്യ ഇയാളില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഇദ്ദേഹത്തിനെതിരെ മുമ്പ് 18 പരാതികള്‍ കിട്ടിയിരുന്നതായി മിനിയാപോളിസ് പൊലീസ് വെളിപ്പെടുത്തി.

ചെറുകിട ഭക്ഷണശാലയില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്ന ജോര്‍ജ് ഫ്ളോയിഡ്(46) കഴിഞ്ഞ ദിവസമാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ജോര്‍ജിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയായിരുന്നു കൊലപാതകം. നാല് പൊലീസുകാര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തതിന് ശേഷമാണ് ജോര്‍ജിനെ ഇപ്രകാരം കൈകാര്യം ചെയ്തത്. ഷര്‍ട്ട് അഴിച്ച് മാറ്റുകയും റോഡില്‍ കമിഴ്ത്തി കിടത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.