ജി.ഡി.പി കൊണ്ട് വലിയ ഉപകാരമൊന്നുമില്ല, 1934ന് മുമ്പ് അങ്ങനെയൊരു സാധനമേ ഉണ്ടായിരുന്നില്ല; മണ്ടത്തരങ്ങള്‍ വിളമ്പി ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: രാജ്യത്തെ ജിഡിപി വളര്‍ച്ചാ നിരക്കിന് ഭാവിയില്‍ യാതൊരു പ്രസക്തിയും ഉണ്ടായിരിക്കില്ലെന്ന് ബിജെപി അംഗം നിഷികാന്ത് ദൂബെ. ജിഡിപി ബൈബിളോ, രാമായണമോ മഹാഭാരതമോ അല്ലെന്നും അതിനാല്‍ തന്നെ ഭാവിയില്‍ യാതൊരു ഉപയോഗവും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന.

‘1934 ലാണ് ജിഡിപി നിലവില്‍ വന്നത്. അതിന് മുന്‍പ് അങ്ങിനെയൊരു സാധനമേ ഉണ്ടായിരുന്നില്ല. സുവിശേഷ സത്യമായി ജിഡിപിയെ കണക്കാക്കാനാവില്ല. അത് ബൈബിളോ, രാമായണമോ, മഹാഭാരതമോ അല്ല. ഭാവിയില്‍ ഉപകാരപ്രദമായ ഒന്നായി ജിഡിപി നിലനില്‍ക്കില്ല,’ അദ്ദേഹം പറഞ്ഞു. ഝാര്‍ഖണ്ഡിലെ ഗോഡയില്‍ നിന്നുള്ള പാര്‍ലമെന്റംഗമാണ് അദ്ദേഹം.

നടപ്പുസാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്ക് ഇടിഞ്ഞതിന് പിന്നാലെയാണ് ഇത്തരമൊരു പ്രസ്താവന. 2013 ലെ നാലാം പാദത്തിലുണ്ടായ ഇടിവിന് ശേഷം ഇത്രയും മോശം സാമ്പത്തിക വളര്‍ച്ചയുണ്ടായത് ആദ്യമായാണ്. ജിഡിപി വളര്‍ച്ചാ നിരക്ക് എത്ര വേഗത്തിലാണ് രാജ്യത്തെ സമ്പദ്‌വ്യവസ്ഥ വളരുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നതാണ്.

ജിഡിപി വളര്‍ച്ചാ നിരക്ക് തുടര്‍ച്ചയായ അഞ്ചാമത്തെ പാദത്തിലാണ് താഴേക്ക് പോയത്. കഴിഞ്ഞ പാദത്തില്‍ ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് സാമ്പത്തിക വളര്‍ച്ചയില്‍ രേഖപ്പെടുത്തിയത്. അഞ്ച് ശതമാനം മാത്രമായിരുന്നു വളര്‍ച്ച.

SHARE