പരിശീലകനെ കളിക്കാര്‍ തീരുമാനിക്കട്ടെയെന്ന് ഗവാസ്‌ക്കര്‍

മുംബൈ: വിരാത് കോലി നയിക്കുന്ന ഇന്ത്യന്‍ ടീമിപ്പോള്‍ വിന്‍ഡീസിലാണ്. അഞ്ച് മല്‍സര ഏകദിന പരമ്പരയിലും ടി-20 യിലും കളിക്കുന്ന ടീമിനൊപ്പം പരിശീലകനില്ല. പുതിയ പരിശീലകനെ ഉടന്‍ തന്നെ നയിക്കുമെന്നും പുതിയ ആള്‍ അടുത്ത മാസം നടക്കുന്ന ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് ചുമതലയേല്‍ക്കുമെന്നുമെല്ലാം ക്രിക്കറ്റ് ബോര്‍ഡ് പറയുന്നുണ്ട്. പുതിയ പരിശീലകനെ കണ്ടെത്താന്‍ സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന ഉപദേശക സമിതിയുമുണ്ട്. പക്ഷേ ഇന്ത്യന്‍ ക്രിക്കറ്റിലെ സീനിയര്‍ താരമായ സുനില്‍ ഗവാസ്‌ക്കര്‍ പറയുന്നു പുതിയ പരിശീലകനെ കളിക്കാര്‍ തന്നെ തീരുമാനിക്കട്ടെയെന്ന്….! ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവികള്‍ താരങ്ങളോട് ചോദിക്കുക-ആരായിരിക്കണം അടുത്ത് കോച്ച്. അവരുടെ ഉത്തരത്തിനങ്ങ് വഴങ്ങുന്നതായിരിക്കും നല്ലത്-ഗവാസ്‌ക്കര്‍ പരിഹസിച്ചു. പരിശീലകനെ കണ്ടെത്താന്‍ ഇനി പ്രത്യേക സമിതി വേണമെന്നില്ല. ക്രിക്കറ്റ് ബോര്‍ഡ് കളിക്കാരോട് ചോദിക്കുക- ഞങ്ങള്‍ക്ക് പത്ത് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് പരിശീലകനായി ഇവരില്‍ നിന്ന് ആരെ വേണം… അവര്‍ പറയുന്നയാളെയങ്ങ് നിയമിക്കുക. എന്നാല്‍ പിന്നെ പുലിവാല്‍ ഇല്ലല്ലോ… അനില്‍ കുംബ്ലെയെ അവരെല്ലാം തള്ളിപ്പറയാന്‍ കാരണം അദ്ദേഹത്തിന്റെ ശൈലി ഇഷ്ടപ്പെടുന്നില്ല എന്നത് കൊണ്ടാണല്ലോ… എന്താണ് കുംബ്ലെ ചെയ്ത പാതകം എന്ന് ഇത് വരെ ആരും പറഞ്ഞിട്ടില്ല. കോലി ഇത് പറയണം. അല്ലെങ്കില്‍ മറ്റാരെങ്കിലും വെളിപ്പെടുത്തണം. പുതിയ കോച്ച് വരുമ്പോള്‍ അദ്ദേഹത്തിന് ചില പാഠങ്ങള്‍ നല്ലതാണല്ലോ. കുംബ്ലെ ഇന്തെല്ലാമാണ് ചെയ്തത്. അത് കൊണ്ടാണ് ഞങ്ങള്‍ക്ക് അനിഷ്ടം. നിങ്ങള്‍ ഇതെല്ലാം ചെയ്താല്‍ മതിയെന്ന് പുതിയ കോച്ചിനോട് പറഞ്ഞാല്‍ ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. ഞാനെന്ന പരിശീലകന്‍ രാവിലെ 9-30 ന് തന്നെ കളിക്കാര്‍ മൈതാനത്ത് റിപ്പോര്‍ട്ട് ചെയ്യണമെന്ന് പറഞ്ഞാല്‍ അത് ചിലപ്പോള്‍ അമിതഭാരാവും, താരങ്ങള്‍ നെറ്റ്്‌സില്‍ കൂടുതല്‍ സമയം ചെലവഴിക്കണമെന്ന് പറഞ്ഞാല്‍ അത് ഭാരമാവും, നെറ്റ്‌സില്‍ നിങ്ങള്‍ കുറച്ചധികം പന്തുകള്‍ എറിയണമെന്ന് പറഞ്ഞാല്‍, ഫീല്‍ഡിംഗ് പ്രാക്ടീസില്‍ കൂടുതല്‍ ക്യാച്ചുകള്‍ എടുക്കണമെന്ന് പറഞ്ഞാല്‍-എല്ലാം ഭാരമാവും- ഗവാസ്‌ക്കര്‍ പരിഹസിച്ചു. കളിക്കളത്തില്‍ ക്യാപ്റ്റന്റെ തീരുമാനമാണ് പ്രധാനമെന്ന് ഗവാസ്‌ക്കര്‍ പറഞ്ഞു. എന്നാല്‍ കളത്തിന് പുറത്ത് ടീമിന്റെ ചുമതല പരിശീലകനാണ്. വിരാത് തന്റെ ഭാഗം പറയുന്നതാണ് നല്ലത്. എങ്കിലേ കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാനാവു. കുംബ്ലെയും സംസാരിക്കണം. തനിക്കിപ്പോഴും എന്താണ് കുംബ്ലെയുടെ വീഴ്ച്ചയെന്ന് മനസ്സിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

SHARE