‘ആയുധങ്ങള്‍ക്ക് പകരം പശുമാംസവുമായാണ് ഭീകരര്‍ വന്നതെങ്കില്‍ ജീവനോടെ ആരും തിരിച്ചുപോവില്ല’; മോദി സര്‍ക്കാറിനെതിരെ ശിവസേന

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാറിനെ വിമര്‍ശിച്ച് ശിവസേന. ആയുധങ്ങള്‍ക്ക് പകരം പശുമാംസവുമായാണ് ഭീകരര്‍ രാജ്യത്തേക്ക് വന്നിരുന്നതെങ്കില്‍ ആരും ജീവനോടെ ഉണ്ടാവുമായിരുന്നില്ലെന്ന് ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ ആരോപിച്ചു. അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കെതിരെ ആക്രമണം നടത്തിയ ഭീകരരെ പിടികൂടാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധമറിയിച്ചാണ് താക്കറെയുടെ പ്രതികരണം.
തീവ്രവാദികളെ നേരിടുന്നതിന് ഗോസംരക്ഷകരെ അയക്കണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെടുന്നു.
ആയുധങ്ങള്‍ക്കു പകരം അവര്‍ ബീഫുമായി വരണമായിരുന്നു. എന്നാല്‍ ഭീകരര്‍ വിവരമറിയുമായിരുന്നു. കായിക, സാംസ്‌കാരിക മേഖലകള്‍ വളര്‍ത്തണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. എന്നാല്‍ മതവും രാഷ്ട്രീയവും ചേര്‍ന്ന് രാജ്യം പുകഞ്ഞു തീരുകയാണെന്ന് താക്കറെ പറഞ്ഞു.
തിങ്കളാഴ്ച രാത്രിയോടെയുണ്ടായ ഭീകരാക്രമണത്തില്‍ അമര്‍നാഥ് തീര്‍ത്ഥാടകരായ ആറു സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടിരുന്നു. 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ലഷ്‌കറെ ത്വയ്ബ പ്രവര്‍ത്തകരാണെന്ന് ജമ്മുകശ്മീര്‍ ഐ.ജി മുനീര്‍ ഖാന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.