തുറന്ന റാലിക്കിടെ പ്രവര്‍ത്തകന്‍ ചുരുട്ടിയെറിഞ്ഞ പൂമാല രാഹുലിന്റെ കഴുത്തില്‍ തന്നെ; ഇത് സുരക്ഷാ വീഴ്ച്ചയോ?

ബാംഗളൂരു: കര്‍ണ്ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് ജനക്കൂട്ടത്തിനിടയില്‍ നിന്ന് പൂൂമാലയേറ്. പ്രവര്‍ത്തകന്‍ എറിഞ്ഞ മാല കൃത്യം രാഹുലിന്റെ കഴുത്തില്‍ തന്നെ ചെന്നുവീഴുകയും ചെയ്തു. ഇതിന്റെ വീഡിയോ കോണ്‍ഗ്രസ് ഐ.ടി സെല്‍ മേധാവി ദിവ്യ സ്പന്ദന ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. ബുധനാഴ്ച്ചയാണ് രാഹുല്‍ കര്‍ണ്ണാടകയിലെത്തിയത്.

കര്‍ണ്ണാടകയിലെ തുംകുരുവിലാണ് സംഭവം. ജനക്കൂട്ടത്തിനിടയില്‍ നിന്ന് ചുരുട്ടിയെറിഞ്ഞ പൂമാല രാഹുലിന്റെ കഴുത്തില്‍ തന്നെ ചെന്ന് വീഴുകയായിരുന്നു. ഉടന്‍ തന്നെ രാഹുല്‍ പൂമാല കഴുത്തില്‍ നിന്നെടുത്ത് ജനക്കൂട്ടത്തെ കൈവീശി കാണിക്കുകയും ചെയ്തു. അതേസമയം, രാഹുലിന്റെ സുരക്ഷാ വീഴ്ച്ചയാണോ ഇതെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.

 

കര്‍ണ്ണാടകയില്‍ വോട്ടെടുപ്പ് മെയ് 12നാണ് നടക്കുക. ഒറ്റഘട്ടമായി വോട്ടെടുപ്പ് നടത്താനാണ് തീരുമാനം. വോട്ടെണ്ണല്‍ മെയ് 15 നു നടക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി അഞ്ചാം തവണയാണ് കര്‍ണ്ണാടകയിലെത്തുന്നത്.