നഗരങ്ങളിലെ വീടുകളില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നു: ഋഷിരാജ് സിങ്ങ്

കൊച്ചി: ലഹരി ഉപയോഗത്തിനുള്ള കഞ്ചാവ് ചെടികള്‍ പ്രധാന സിറ്റികളില്‍ വീടുകളില്‍ പോലും വളര്‍ത്തുകയാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനധികൃത ലഹരി ഉപയോഗം വര്‍ദ്ധിച്ചുവരുന്നു. 2536 കഞ്ചാവ് ചെടികള്‍ വെട്ടി നശിപ്പിച്ചു കേസെടുത്തു. ഇടുക്കി കാടുകളില്‍ മാത്രമാണ് കഞ്ചാവ് കൃഷി എന്ന ധാരണ തിരുത്തണം. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കാസള്‍ഗോഡ്, പാലക്കാട് എന്നിവിടങ്ങളിലെ നഗരപ്രദേശങ്ങളില്‍ വീട്ടുവളപ്പില്‍ വളര്‍ത്തിവന്നിരുന്ന ചെടികളാണ് നശിപ്പിച്ചത്. 2014 കിലോഗ്രാം കഞ്ചാവും പിടികൂടി.

23 കോടി ജനങ്ങളുള്ള ഉത്തര്‍പ്രദേശിനേക്കാള്‍ എത്രയോ അധികം ലഹരി വേട്ടകേസുകളാണ് മൂന്നേകാല്‍ കോടി ജനങ്ങളുള്ള കേരളത്തില്‍ പിടികൂടപ്പെടുന്നത്. അവിടങ്ങളില്‍ കേരളത്തിലേതിനേക്കാള്‍ അനധികൃത ലഹരി വ്യാപാരം നടക്കുന്നുണ്ടാകാം. പല കാരണങ്ങളില്‍ അവ പിടിക്കപ്പെടുന്നില്ല. കേരളത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനകം 2,33,645 റെയ്ഡ് നടത്തി. 43,868 പേരെ അറസ്റ്റ് ചെയ്തു. അബ്കാരി കേസുകള്‍ 39,000, മയക്കുമരുന്ന് കേസുകള്‍ 8508, പാന്‍പരാഗ് കേസുകള്‍ 1,19,744 കേസുകളും രജിസ്റ്റര്‍ ചെയ്തു.9500 ലിറ്റര്‍ സ്പിരിറ്റും, 6800 ലിറ്റര്‍ ചാരായവും, 2500 ലിറ്റര്‍ വ്യാജ മദ്യവും, 18000 ലിറ്റര്‍ അന്യസംസ്ഥാന മദ്യവും, 27000 ലിറ്റര്‍ കള്ളും പിടികൂടി.

മയക്കുമരുന്നായി ഉപയോഗിക്കുന്ന 30,000 ലിറ്റര്‍ അരിഷ്ടവും, 9567 ലിറ്റര്‍ ബിയറും, 35000 ലിറ്റര്‍ കോടയും പിടിച്ചു. ഹെറോയിന്‍ 518 ഗ്രാമും, ബ്രൗണ്‍ഷുഗര്‍ 300 ഗ്രാമും കൊക്കെയിന്‍ 11 ഗ്രാമും, ചരസ് 450 ഗ്രാമും, ഒപ്പിയം 4818 ഗ്രാമും, മാജിക് മഷ്‌റൂം 79 ഗ്രാമും പിടിച്ചെടുത്തു.മെഡിക്കല്‍ ഷോപ്പുകള്‍ വഴി മയക്കുമരുന്ന് ഉല്‍പന്നങ്ങള്‍ അനധികൃതമായി വില്‍ക്കുന്നുണ്ട്. 38,295 ടാബ്‌ലറ്റുകളും 143 ആംപ്യൂളുകളും ഇക്കാലയളവില്‍ പിടികൂടി. താന്‍ ചാര്‍ജ് എടുത്ത 2016 ജൂണ്‍ മുതല്‍ 2018 ജനുവരി വരെയുള്ള കാലയളവില്‍ നടത്തിയ റെയ്ഡുകളുടെ കണക്കാണ് എക്‌സൈസ് കമ്മീഷണര്‍ വിവരിച്ചത്.