അമ്മയോട് ജമന്തിച്ചെടിയെന്ന് പറഞ്ഞു; വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴയില്‍ വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വീട്ടുമുറ്റത്താണ് 24 കാരന്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയത്. കുത്തിയതോട് ഷാരൂണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഷാരൂണ്‍ പ്ലാസ്റ്റിക് ചാക്കിലാണ് കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയത്. കൃഷിയില്‍ തീരെ താത്പര്യമില്ലാതിരുന്ന ഷാരൂണിന്റെ പെട്ടന്നുണ്ടായ കൃഷി താത്പര്യം കണ്ട് ചോദിച്ച അമ്മയോട് അത് ജമന്തി ചെടിയാണ് എന്നായിരുന്നു ഷാരൂണിന്റെ മറുപടി.

ഷാരൂണ്‍ കഞ്ചാവ് ചെടി വളര്‍ത്തുന്നതായി കുത്തിയതോട് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.ആര്‍ രതീഷിനും പ്രവീണിനും വിവരം ലഭിച്ചു. തുടര്‍ന്ന് ഇവര്‍ ഷാരൂണിനെ സൂക്ഷ്മമായി നിരീക്ഷിച്ചു. 2016-ല്‍ കുത്തിയതോട് പോലീസ് ഷാരൂനിനെ കഞ്ചാവ് ഉപയോഗിച്ചതിന് അറസ്റ്റ് ചെയ്തിരുന്നു.

കഞ്ചാവ് ചെടികള്‍ നനക്കുന്നതിനിടെ എസ്‌ഐ ഏലിയാസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് ഷാരൂണിനെ പിടികൂടിയത്. ഷാരൂണിനെ ചോദ്യം ചെയ്തപ്പോള്‍ കഞ്ചാവ് ഉപയോഗിക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും പട്ടിക പൊലീസിന് ലഭിച്ചു.

SHARE