ന്യൂഡല്‍ഹി: ലഡാക്കിലെ ഗാല്‍വാന്‍ വാലി പ്രദേശത്ത് തിങ്കളാഴ്ച രാത്രി നടന്ന ചൈന-ഇന്ത്യ സൈനിക അക്രമത്തില്‍ മൂന്നോ നാലോ ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ചൈനീസ് മാധ്യമ പ്രവര്‍ത്തകരാണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. കേണല്‍ അടക്കം മൂന്ന് ഇന്ത്യന്‍ സൈനികരാണ് ചൈനീസ് ആക്രണത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം എത്ര ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്നോ എത്ര പേര്‍ക്ക് പരിക്കേറ്റെന്നോ റിപ്പോര്‍ട്ടില്‍ വ്യക്തമല്ല.
അഞ്ച് ചൈനീസ് സൈനികര്‍ പേര് കൊല്ലപ്പെട്ടതായും 11 പേര്‍ക്ക് പരിക്കേറ്റതായും ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തതായി ചില ഇന്ത്യന്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യാ ടുഡേ ടിവിയോട് സംസാരിച്ച പ്രതിരോധ വൃത്തങ്ങള്‍, ചൈനീസ് ഭാഗത്ത് കുറഞ്ഞത് മൂന്നോ നാലോ മരണങ്ങളെങ്കിലും ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്തു.
ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസിന്റെ ഇംഗ്ലീഷ് പതിപ്പിന്റെ മുഖ്യപത്രാധിപര്‍ ഹു സിജിന്‍ സംഘര്‍ഷത്തെ സംബന്ധിച്ച് ട്വീറ്റ് ചെയ്തു. ‘എനിക്കറിയാവുന്നതിന്റെ അടിസ്ഥാനത്തില്‍, ഗാല്‍വാന്‍ വാലിയിലെ ശാരീരിക ഏറ്റുമുട്ടലില്‍ ചൈനീസ് പക്ഷത്തിനും നാശനഷ്ടങ്ങള്‍ സംഭവിച്ചു. അഹങ്കരിക്കരുതെന്നും ചൈനയുടെ നിയന്ത്രണം ദുര്‍ബലമാണെന്ന് തെറ്റിദ്ധരിക്കരുതെന്നും ഇന്ത്യന്‍ പക്ഷത്തോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യ ചൈനയുമായി ഒരു ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ല, എന്നാല്‍ ഞങ്ങള്‍ അതിനെ ഭയപ്പെടുന്നില്ല,”ഹു സിജിന്‍ ട്വീറ്റി.
അതേസമയം, ലഡാക്കില്‍ ഏറ്റുമുട്ടല്‍ നടന്നതായി ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും ഇന്ത്യ അതിര്‍ത്തി കടന്നതായി ആരോപിച്ചു. ഇന്ത്യന്‍ സൈന്യം രണ്ടുതവണ അതിര്‍ത്തി ലംഘിച്ചതായും ചൈനീസ് ഉദ്യോഗസ്ഥരെ പ്രകോപിപ്പിക്കുകയും ആക്രമിക്കുകയും ചെയ്തതായും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു. ഇത് അതിര്‍ത്തി സേനകള്‍ തമ്മില്‍ ഗുരുതരമായ ഏറ്റുമുട്ടലിന് കാരണമായതായും ഷാവോ പറഞ്ഞു. എന്നാല്‍ ചൈനീസ് സേനക്ക് സംഭവിച്ച അപകടങ്ങളെക്കുറിച്ച് അദ്ദേഹം ഒന്നും പരാമര്‍ശിച്ചിട്ടില്ല.