വഴിയടഞ്ഞ് വിഷാംശം കലര്‍ന്ന ലായനി പരന്നൊഴുകുന്നു ;ഗെയില്‍ പൈപ്പ് ലൈന്‍ പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു

dav

മുക്കം: ഗെയില്‍ വാതക പൈപ്പ് ലൈന് എതിരെ നാട്ടുകാര്‍ വീണ്ടും സമര രംഗത്ത്. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതു കാരണം റോഡ് ഇല്ലാതായതാണ് കാരശ്ശേരി പഞ്ചായത്തിലെ സര്‍ക്കാര്‍ പറമ്പ് പ്രദേശവാസികളെ ദുരിതത്തിലാക്കിയത്. ഇതിനു പുറമെ വിഷാംശം കലര്‍ന്ന ലായനി പരന്നൊഴുകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നവുമുണ്ടിവിടെ. പാറ തുളക്കുമ്പോള്‍ ഉപയോഗിക്കുന്ന വിഷാംശം കലര്‍ന്ന ലായനി സംഭരിച്ച കുഴി ശക്തമായ മഴയില്‍ നിറഞ്ഞും ഇടിഞ്ഞുമാണ് പരന്നൊഴുകുന്നത്. സമീപത്തെ പറമ്പുകളിലൂടെയും വീടുകളിലൂടെയും ഒഴുകി വയലിലാണ് ചെന്നെത്തുന്നത്. നൂറോളം കുടുംബങ്ങള്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ജലനിധി, കിണറുകള്‍, കുളം എന്നീ ജല സ്രോതസുകള്‍ക്കെല്ലാം ഇതു ഭീഷണിയായിട്ടുണ്ട്. റോഡ് പുന:സ്ഥാപിക്കുന്നതു വരെ പ്രദേശത്തെ പ്രവൃത്തി തുടരാന്‍ അനുവദിക്കുകയില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.
വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട ഓംനി വാന്‍ പുറത്തു കൊണ്ടുവരാനുള്ള റോഡ് താറുമാറായതിനാല്‍ ഒരാഴ്ചയിലേറെയായി ജീവിത മാര്‍ഗം മുട്ടിയിരിക്കുകയാണെന്ന് സി.പി.അബ്ദുറഹിമാന്‍ പറഞ്ഞു. കാലിനു പരുക്കേറ്റു കഴിയുന്ന ചുങ്കത്ത് ഫൈസലിനെ ആശുപത്രിയില്‍ പോകാന്‍ റോഡിലെത്തിക്കുന്നത് താങ്ങിയെടുത്താണ്. കുട്ടികള്‍ക്ക് സ്‌കൂളിലും മദ്‌റസയിലും പോകണമെങ്കില്‍ അപകടം നിറഞ്ഞ ചളിക്കുളങ്ങള്‍ നീന്തി വേണം റോഡിലെത്താന്‍. ദിവസങ്ങള്‍ പിന്നിട്ടിട്ടും പരിഹാരം കാണാത്തതിനാല്‍ ക്ഷമയറ്റ നാട്ടുകാര്‍ കഴിഞ്ഞ ദിവസം പ്രവൃത്തി തടയുകയായിരുന്നു.

SHARE