മോദിക്കെതിരെ വീണ്ടും ഗഡ്കരിയുടെ ഒളിയമ്പ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ഒളിയമ്പുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ആദ്യഘട്ട തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ”നമ്മുടെ പ്രകടനം നല്ലതല്ലെങ്കില്‍ മറ്റുള്ളവര്‍ക്കാണ് അവസരം ലഭിക്കുക”-യെന്ന ഗഡ്കരിയുടെ പരാമര്‍ശമാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയത്. നരേന്ദ്രമോദിക്കെതിരെ പലതവണ ഒളിയമ്പ് പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിട്ടുള്ള ഗഡ്കരിയുടെ പുതിയ പരാമര്‍ശത്തിനും ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വലിയ വാര്‍ത്താ പ്രാധാന്യമാണ് നല്‍കിയത്.
വോട്ടര്‍മാര്‍ക്കുള്ള സന്ദേശം എന്ന നിലയിലാണ് ഗഡ്കരിയുടെ വാക്കുകളെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ് ഇത് ഉന്നം വെക്കുന്നതെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നു. അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ജനം സര്‍ക്കാറിനെ വിലയിരുത്തുക. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ബി.ജെ.പി ഭരണത്തിന്റെ വിലയിരുത്തലായിരിക്കും. ഞങ്ങള്‍ പ്രവര്‍ത്തിച്ചത് നല്ല രീതിയിലല്ല എന്ന വിലയിരുത്തലാണ് ജനങ്ങള്‍ക്കുള്ളതെങ്കില്‍ മറ്റൊരു പാര്‍ട്ടിക്കായിരിക്കും അവസരം ലഭിക്കുക- സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗഡ്കരി പറഞ്ഞു. തെരഞ്ഞെടുപ്പ് നേട്ടത്തിനു വേണ്ടി വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്നവര്‍ തിക്ത ഫലം അനുഭവിക്കേണ്ടി വരുമെന്ന ഗഡ്കരിയുടെ മുന്‍ പരാമര്‍ശവും വിവാദമായിരുന്നു. വിദേശ രാജ്യങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം പിടിച്ചെടുത്ത് ജനങ്ങളുടെ അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വീതം നേരിട്ട് നിക്ഷേപിക്കുമെന്ന മോദിയുടെ വ്യാജ വാഗ്ദാനം കോണ്‍ഗ്രസ് രാഷ്ട്രീയ ആയുധമായി ഉയര്‍ത്തിക്കൊണ്ടു വരുന്നതിനിടെയായിരുന്നു ഗഡ്കരിയുടെ വിവാദ പരാമര്‍ശം.
സമാനമായ രീതിയിലുള്ള നിലപാടാണ് പുതിയ ടെലിവിഷന്‍ അഭിമുഖത്തിലും ഗഡ്കരി സ്വീകരിച്ചത്. സ്വന്തം ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാതെ 65 വര്‍ഷത്തെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ മാത്രം പ്രചാരണ വേദികളില്‍ വിഷയമാക്കുന്ന മോദിക്കെതിരെയുള്ള പരോക്ഷ വിമര്‍ശനം കൂടിയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.
എതിര്‍ സ്ഥാനാര്‍ത്ഥിയുടെയോ എതിര്‍ കക്ഷിയുടേയോ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കില്ലെന്ന് താന്‍ തീരുമാനിച്ചതാണ്. ഞാനെന്ത് ചെയ്തു എന്നത് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചായിരിക്കും വോട്ടു തേടുക. കഴിഞ്ഞ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നമ്മള്‍ നിറവേറ്റിയിട്ടുണ്ടോ, വ്യാജ വാഗ്ദാനങ്ങള്‍ നമ്മള്‍ നല്‍കിയിട്ടുണ്ടോ, നമ്മള്‍ നല്‍കിയ ഉറപ്പുകളെല്ലാം പാലിക്കപ്പെട്ടിട്ടുണ്ടോ, നമ്മള്‍ ചെയ്തതെന്തെന്ന് പറയണം. അതു പറഞ്ഞാണ് വോട്ടു പിടിക്കേണ്ടത് – ഗഡ്കരി വ്യക്തമാക്കി. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പലരും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയിട്ടുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്കു മുന്നില്‍ സ്വപ്‌നങ്ങള്‍ വില്‍ക്കുകയും എന്നിട്ട് ആ സ്വപ്‌നങ്ങള്‍ നിറവേറ്റാതിരിക്കുകയും ചെയ്യുന്നവരെ ജനം പിടികൂടി അടിക്കണമെന്ന ഗഡ്കരിയുടെ പരാമര്‍ശവും നേരത്തെ വലിയ വാദമായിരുന്നു.
പാര്‍ട്ടി എം.എല്‍.എമാരുടേയും എം.പിമാരുടേയും മോശം പ്രകടനങ്ങള്‍ക്ക് പാര്‍ട്ടി ദേശീയ അധ്യക്ഷനെ പഴിചാരിയ 2018ലെ ഗഡ്കരിയുടെ പരാമര്‍ശവും മുമ്പ് വിവാദമായിരുന്നു.