കോപ്പ അമേരിക്ക; നെയ്മറിന്റെ സ്ഥാനം ജീസസിന്

റിയോ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇനി കേവലം ഒരു ദിവസം മാത്രം. കാല്‍പ്പന്തിനെ ജീവനു തുല്യം സ്‌നേഹിക്കുന്ന വലിയ രാജ്യം രണ്ടാഴ്ച്ച ദീര്‍ഘിക്കുന്ന മഹാമേളക്ക് റെഡിയാണ്. പക്ഷേ എല്ലാവരുടെയും വേദന നെയ്മര്‍ എന്ന സൂപ്പര്‍ താരം തന്നെ. ബ്രസീല്‍ ഫുട്‌ബോളിന്റെ ലോക വിലാസമായ നെയ്മര്‍ കോപ്പ മല്‍സരങ്ങള്‍ക്കില്ല. പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ടീമില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു. ഡാനി ആല്‍വസ് നയിക്കുന്ന സംഘത്തില്‍ ഗബ്രിയേല്‍ ജീസസ് ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളുണ്ടെങ്കിലും നെയ്മറുടെ അഭാവം ടീമിനെ ബാധിക്കുമോ എന്ന സംശയം ബ്രസീല്‍ ഫുട്‌ബോള്‍ അസോസിസേയഷനുണ്ട്.
മറുഭാഗത്ത്് അര്‍ജന്റീന വരുന്നത് ലിയോ മെസി ഉള്‍പ്പെടുന്ന സൂപ്പര്‍ സംഘവുമായാണ്. സ്വന്തം നാട്ടില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ കിരീടം മാത്രമാണ് ബ്രസീലുകാര്‍ മോഹിക്കുന്നത്. ഏറ്റവും അവസാനമായി രാജ്യാന്തര തലത്തില്‍ ബ്രസീലില്‍ നടന്ന ചാമ്പ്യന്‍ഷിപ്പ് 2016 ലെ ഒളിംപിക്‌സായിരുന്നു. ഒളിംപിക് ഫുട്‌ബോള്‍ സ്വര്‍ണം രാജ്യത്തിന് സമ്മാനിക്കുന്നതില്‍ മരക്കാന സ്‌റ്റേഡിയത്തില്‍ നെയ്മര്‍ വഹിച്ച പങ്ക് ചെറുതായിരുന്നില്ല. അതിന് മുമ്പ് 2014 ലെ ലോകകപ്പ്. ബ്രസീലുകാര്‍ മൊത്തം കരുതിയത് നെയ്മര്‍ ലോകകപ്പ് രാജ്യത്തിന് സമ്മാനിക്കുമെന്നായിരുന്നു. പക്ഷേ ജര്‍മനിക്ക്് മുമ്പില്‍ സെമിയില്‍ ബ്രസീല്‍ തളര്‍ന്നു. അതിന് മുമ്പ് കൊളംബിയക്കെതിരായ മല്‍സരത്തില്‍ നെയ്മര്‍ക്ക് പരുക്കുമേറ്റു. ബെലോ ഹോറിസോണ്ടയിലെ ആ രാത്രി ഒരു ബ്രസീലുകാരനും മറക്കില്ല. കഴിഞ്ഞ റഷ്യന്‍ ലോകകപ്പും ബ്രസീലുകാര്‍ക്ക്് നിരാശയാണ് സമ്മാനിച്ചത്. തുടക്കത്തില്‍ നന്നായി കളിച്ച ബ്രസീല്‍ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് പരാജയപ്പെട്ടു. പക്ഷേ ആ പരാജയത്തിന് ശേഷം ടിറ്റേയുടെ മഞ്ഞപ്പട ഒരു മല്‍സരത്തിലും തോറ്റിട്ടില്ല. സൗഹൃദ, സന്നാഹ മല്‍സരങ്ങളില്ലെല്ലാം തകര്‍പ്പ വിജയം നേടി. ഏറവും അവസാനം സന്നാഹ മല്‍സരത്തില്‍ ഹോണ്ടുറാസിനെ ഏഴ് ഗോളിനാണ് തരിപ്പണമാക്കിയത്.
കോച്ച്് ടീറ്റേയുടെ സംഘത്തിലുള്ള 23 പേരും ശക്തര്‍ തന്നെ. എല്ലാവരും യൂറോപ്യന്‍ ക്ലബുകള്‍ക്കും ലാറ്റിനമേരിക്കന്‍ ക്ലബുകള്‍ക്കുമെല്ലാം കളിക്കുന്നവര്‍. രാജ്യാന്തര രംഗത്ത്് അനുഭവം തെളിയിച്ചവര്‍. പക്ഷേ നെയ്മറെ പോലെ ഒരു കളിക്കാരനില്ല എന്ന സത്യം ടീമിന്റെ കുതിപ്പിനെ ബാധിക്കും. മെസിയില്ലാത്ത അര്‍ജന്റീന പോലെയാണ് നെയ്മറില്ലാത്ത ബ്രസീല്‍. റഷ്യന്‍ ലോകകപ്പ് കളിച്ച സംഘത്തിലെ 14 പേരെ മാത്രമാണ് ടിറ്റോ കോപ്പ സംഘത്തില്‍ നിലനിര്‍ത്തിയിരിക്കുന്നത്. റിച്ചാര്‍ലിസണ്‍, ഡേവിഡ് നെറസ്, ആര്‍തര്‍, ലുക്കാ പെക്കേറ്റ തുടങ്ങിയ പുതിയ യുവതാരങ്ങളെ അദ്ദേഹം ടീമില്‍ എടുത്തിട്ടുണ്ട്. ബൊളിവിയ, പെറു, വെനുസ്വേല എന്നിവരടങ്ങുന്ന ദുര്‍ബല ഗ്രൂപ്പിലാണ് ബ്രസീല്‍ കളിക്കുന്നത്. ആദ്യ ഘട്ടത്തില്‍ നെയ്മറിന്റെ അഭാവം പ്രകടമാവില്ലെങ്കിലും നോക്കൗട്ട്് ഘട്ടത്തില്‍ അര്‍ജന്റീന ഉള്‍പ്പെടെയുളളവരാണ് മുന്നില്‍ വരുക.2007 ലാണ് അവസാനമായി ബ്രസീല്‍ കോപ്പ് കിരീടം സ്വന്തമാക്കിയത്. ലാറ്റിനമേരിക്കയിലെ അതികായര്‍ എന്ന വിശേഷണത്തിലും കിരീടമില്ലാത്ത അവസ്ഥ ടീമിനെ തന്നെ ബാധിക്കുന്നുണ്ട്. കോച്ച്് ടിറ്റേക്കും കോപ്പ അമേരിക്ക കിരീടം നിര്‍ബന്ധമാണ്. നിലവില്‍ അദ്ദേഹത്തിന്റെ കസേരക്ക്് കുഴപ്പമില്ല. റഷ്യന്‍ ലോകകപ്പ് കഴിഞ്ഞ് വന്നപ്പോള്‍ കാര്യമായ പ്രതിഷേധമുണ്ടായിരുന്നില്ല. പക്ഷേ കോപ്പ നടക്കുന്നത് ബ്രസീലിലാണ്. സ്വന്തം തട്ടകത്ത് നടക്കുന്ന മെഗാ ചാമ്പ്യന്‍ഷിപ്പില്‍ വിജയിക്കാന്‍ കഴിയാത്ത പക്ഷം വിമര്‍ശകര്‍ രംഗത്തിറങ്ങും. 2022 ലെ ഖത്തര്‍ ലോകകപ്പ്് വരെയാണ് ടിറ്റേയുടെ കരാര്‍. നെയ്മറില്ലാത്ത ബ്രസീല്‍ കിരീടം സ്വന്തമാക്കിയാല്‍ അത് ടിറ്റേയുടെ വലിയ നേട്ടമായി മാറും. നെയ്മര്‍ കളിക്കുമ്പോള്‍ ടീം അദ്ദേഹത്തിന് ചുറ്റിപ്പറ്റിയാണ് ഓടുക. എന്നാല്‍ മാറിയ സാഹചര്യത്തില്‍ പുതിയ താരങ്ങള്‍ക്ക്്് കരുത്ത്് തെളിയിക്കാനുള്ള അവസരമാണിത്. ഹോണ്ടുറാസിനെതിരെ നേടിയ ഏഴ് ഗോളില്‍ ആറും കരസ്ഥമാക്കിയത് യുവതാരങ്ങളാണെന്ന് കോച്ച്് പറയുന്നു. പി.എസ്.ജിക്കാരനായ നെയ്മര്‍ ദീര്‍ഘകാലമായി പരുക്കുമായി മല്ലിടുകയാണ്. കഴിഞ്ഞ സീസണില്‍ തന്നെ പി.എസ്.ജിക്കായി പല പ്രധാന മല്‍സരങ്ങളും അദ്ദേഹത്തിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. നെയ്മറിന്റെ സ്ഥാനം ജീസസിനായിരിക്കും.