സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; തന്റെ പഴയ കവിത ഓര്‍മിപ്പിച്ച് മന്ത്രി സുധാകരന്‍

തിരുവനന്തപുരം: നിരന്തര ലൈംഗിക പീഡനത്തിനിരയാക്കിയ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയെ അഭിനന്ദിച്ച് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. പെണ്‍കുട്ടിയുടെ നടപടി ധീരമാണെന്നും സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ സ്ത്രീകള്‍ ധൈര്യപൂര്‍വം മുന്നോട്ടു വരികയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ മുന്‍നിര്‍ത്തി മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് താന്‍ രചിച്ച കവിത ഓര്‍മിപ്പിക്കാനും മന്ത്രി മറന്നില്ല. നീച ലിംഗങ്ങള്‍ മുറിക്കുന്ന പെണ്ണുങ്ങള്‍ എന്ന കവിതയാണ് അദ്ദേഹം ഓര്‍ത്തെടുത്തത്. കലാകൗമുദിയാണ് അന്ന് കവിത പ്രസിദ്ധീകരിച്ചത്. പിന്നീട് ഹരിതം ബുക്‌സ് പുറത്തിറക്കിയ കാളിയും കല്‍ക്കിയും എന്ന കവിതാ സമാഹാരത്തിലും ഈ കവിത ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കവിത പുറത്തിറങ്ങിയപ്പോള്‍ നിരവധി പേര്‍ തനിക്കെതിരെ രംഗത്തുവന്നതായി സുധാകരന്‍ പറഞ്ഞു. ഇത് കവിതയാണോയെന്ന് പരിഹസിച്ചവര്‍ക്കു മുന്നില്‍ അന്ന് താന്‍ എഴുതിയത് പച്ചയായ മനുഷ്യരുടെ ജീവിതമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്നും മന്ത്രി സുധാകരന്‍ പറഞ്ഞു.
ജി.സുധാകരന്റെ കവിത:

നീച ലിംഗങ്ങള്‍ മുറിക്കുന്ന പെണ്ണുങ്ങള്‍

എന്തേ മുറിച്ചില്ലവന്റെ ലിംഗം
നീചവ്യൂഹങ്ങള്‍ നീട്ടിയ ലിംഗം!
കത്തിയില്ലേ കഠാരയില്ലേ
വെട്ടരിവാളുകളില്ലേ?
മീന്‍മുറിക്കും കത്തികിട്ടിയില്ലേ
കരിക്കാടി തിളച്ച കലങ്ങളില്ലേ?
ഇല്ലായിരിയ്ക്കുമോ
ഉണ്ടായിരിയ്ക്കുമോ
ഒന്നു തീര്‍ച്ച! ഇനി ഒന്നു തീര്‍ച്ച!
ഉണ്ട് നിനക്കുണ്ട് ദംഷ്ട്ര!
പല്ലും നഖങ്ങളും!
കോമളം പല്ലുകള്‍
കൂര്‍ത്തമനോഹര കൊച്ചരിപ്പല്ലുകള്‍!
വാളിന്റെ മൂര്‍ച്ച; മുല്ലപ്പൂവിന്റെ വെണ്‍മയും

രണ്ട്

എന്തേ കടിച്ചുമുറിച്ചുപറിച്ചില്ല
എന്തേ കടിച്ചുകുടഞ്ഞില്ല ലിംഗത്തെ!
നീചകുലങ്ങള്‍തന്‍ ലിംഗങ്ങള്‍!
ഓര്‍മ്മയില്ലേ നരസിംഹത്തിനെ!
കുടല്‍മാല പിളര്‍ത്തന്നവന്‍!
നെഞ്ചകം കീറിരുധിരം
കുടിച്ചൊരാ ദിവ്യസത്വത്തിനെ!

മൂന്ന്

ലിംഗമില്ലാത്ത പുരുഷന്‍
പുഛമില്ലാത്ത വാനരനല്ലയോ!
ലിംഗമില്ലാത്ത വെറിയന്‍
നാരീലിംഗം കൊതിക്കും ഞരമ്പുരോഗി
ജീവനെടുക്കും അവന്‍ സ്വയം
നിന്നയോ ധീരയില്‍ധീരയായ്
ലോകം പുകഴ്ത്തിടും!

നാല്

ലിംഗം മുറിച്ചു പ്രതികാരമാളുക!
ലിംഗമില്ലാത്ത നരാധമന്‍മാരുടെ
സംഘം തളരട്ടെ!
മാനവേലാകം മനശാസ്ത്ര ശാലയില്‍
നീചസംഘത്തെ ചികിത്സിച്ചിട്ടിനി!

അഞ്ച്

ലിംഗമില്ലാത്തവന്‍
ജീവിച്ചുനാറട്ടെ!
ലിംഗംമുറിക്കുന്ന പെണ്ണുങ്ങള്‍ വാഴുവിന്‍

SHARE