ഈസ്രാഈല്‍ കൂട്ടക്കുരുതി; ഐക്യരാഷ്ട്രസഭ വിശദീകരണം തേടി

ഫലസ്തീന്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രാഈല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ 17 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഐക്യരാഷ്ട്രസഭ വിശദീകരണം തേടി. സംഭവത്തില്‍ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ഗസ്സയില്‍ സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍ ഇടപെടണമെന്ന് യുഎസ് സുരക്ഷാ സമിതി സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടിരുന്നു. സമാധാന ശ്രമങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ യുഎന്‍ തയാറാകണമെന്നും യുഎന്‍ വക്താന് ആവശ്യപ്പെട്ടു. 2014 ല്‍ നടന്ന ഗസ്സ യുദ്ധത്തിന് ശേഷം അതിര്‍ത്തിയില്‍ ഏറ്റവും രൂക്ഷമായ സംഘര്‍ഷമാണ് നടക്കുന്നതെന്നും യുഎന്‍ ഇടപെടണമെന്നും കുവൈത്തും ആവശ്യപ്പെട്ടു.

ഇസ്രാഈല്‍ കൂട്ടക്കൊലയുടെ സാഹചര്യത്തില്‍ അടിയന്തര രക്ഷാസമിതി യോഗം വിളിച്ചുചേര്‍ക്കാന്‍ കുവൈത്ത് ആവശ്യപ്പെട്ടു. ജോര്‍ദാന്‍, തുര്‍ക്കി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും ഇസ്രാഈല്‍ നടപടിയെ അപലപിച്ചു. സമാധാനപരമായി നടത്തിയ സമരത്തിനു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പ്പ് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് രാഷ്ട്രങ്ങള്‍ കുറ്റപ്പെടുത്തി. അധിനിവേശ ശക്തിയെന്ന നിലയില്‍ ഗസയിലെ സംഭവങ്ങള്‍ക്ക് ഉത്തരവാദി ഇസ്രാഈലാണെന്ന് ജോര്‍ദാന്‍ സര്‍ക്കാര്‍ വക്താവ് മുഹമ്മദ് അല്‍ മുമാനി പ്രസ്താവനയില്‍ പറഞ്ഞു. സമാധാനപരമായി പ്രകടനം നടത്തിയവര്‍ക്കെതിരേയാണ് ഇസ്രാഈല്‍ പ്രകോപനമില്ലാതെ വെടിയുതിര്‍ത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

SHARE