“എല്ലാ സഹായവും ചെയ്യും”; വിരട്ടലിനും പുകഴ്ത്തലിനും പിന്നാലെ ട്രംപിന് മറുപടിയുമായി മോദി

ന്യൂഡല്‍ഹി: ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് കയറ്റി അയക്കാനായി ഇന്ത്യയെ ഭീഷണിപ്പെടുത്തുകയും അനുമതി നല്‍കിയതിന് പിന്നാലെ ഇന്ത്യയോട് നന്ദി അറിയിക്കുകയും ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് 19 എതിരായ പോരാട്ടത്തില്‍ മനുഷ്യരാശിയെ സഹായിക്കാന്‍ ഇന്ത്യ സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്നാണ് മോദി ട്വിറ്ററിലൂടെ മറുപടി നല്‍കിയത്. ഇത്തരം സാഹചര്യത്തിലാണ് സുഹൃത്തുക്കള്‍ കൂടുതല്‍ അടുക്കുന്നതെന്നും ട്രംപ് പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നെന്നും മോദി കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് കോവിഡ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രതിരോധ മരുന്നായി ഉപയോഗിക്കുന്ന ഹെഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നുകളുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നു. എന്നാല്‍ മരുന്നു കയറ്റുമതി പുനഃസ്ഥാപിച്ചില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടിവരുമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നേരത്തെയുള്ള മുന്നറിയിപ്പ്. എന്നാല്‍ ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള മരുന്നുകളുടെ കയറ്റുമതി നിരോധനം ഇന്ത്യ ഭാഗികമായി പിന്‍വലിക്കുകയായിരുന്നു. ഇതോടെ മോദിയെ പുകഴ്ത്തി ട്രംപ് സംസാരിക്കുകയുമുണ്ടായി.

മരുന്ന് കയറ്റുമതി പുനഃസ്ഥാപിച്ച ഇന്ത്യക്കും ഇന്ത്യന്‍ ജനതയ്ക്കും നന്ദിയുണ്ടെന്നും ഈ സഹായം അമേരിക്ക ഒരിക്കലും മറക്കില്ലെന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്തത്. 2.9 കോടി ഡോസ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നുകളാണ് ഗുജറാത്തില്‍നിന്ന് അമേരിക്കയിലേക്ക് കയറ്റി അയച്ചത്. മോദിയുടെ ശക്തമായ നേതൃപാടവം ഇന്ത്യയെ മാത്രമല്ല മാനവികതയേയും സഹായിക്കുന്നുവെന്നും ഇത്തരം അസാധാരണമായ സാഹചര്യത്തില്‍ സുഹൃത്തുക്കള്‍ തമ്മില്‍ കൂടുതല്‍ സഹകരണം ആവശ്യമാണെന്നും ട്രംപ് പിന്നാലെ പറഞ്ഞു.

അതേസമയം, ട്രംപിന് മണിക്കൂറുകള്‍ക്കം മോദി മറുപടി ട്വീറ്റ് നല്‍കുകയായിരുന്നു.

ട്രംപ് പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു. ഇത്തരം സാഹചര്യത്തിലാണ് സുഹൃത്തുക്കള്‍ കൂടുതല്‍ അടുക്കുന്നത്.
ഇന്ത്യയും അമേരിക്കയും തമ്മില്‍ എക്കാലത്തേയും ദൃഢതയേറിയ ബന്ധമാണ് ഇപ്പോഴുള്ളത്. കോവിഡിനെതിരേ മനുഷ്യരാശിയുടെ പോരാട്ടത്തെ സഹായിക്കാന്‍ സാധ്യമായ എല്ലാം ചെയ്യും. ഈ പ്രതിസന്ധിയെ നമ്മള്‍ ഒന്നിച്ച് വിജയിക്കും, ‘ മോദി ട്വീറ്റ് ചെയ്തു.