സുപ്രീം കോടതിയില്‍ പൊട്ടിത്തെറി; കോടതി നിര്‍ത്തിവെച്ച് മുതിര്‍ന്ന ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെ ആരോപണങ്ങളുമായി സുപ്രീംകോടതിയില്‍ അസാധാരണ സംഭവം. കൊളീജിയം അംഗങ്ങളായ നാല് ജഡ്ജിമാര്‍ കോടതി വിട്ട് പുറത്തിറങ്ങി വാര്‍ത്ത സമ്മേളനം വിളിച്ചുചേര്‍ത്താണ് അസാധാരണ സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. സുപ്രീംകോടതി ജസ്റ്റിസ് ജെ. ചെലമേശ്വരിന്റെ നേത്രത്വത്തിലുളള ജഡ്ജിമാരാണ് കോടതി നിര്‍ത്തിവെച്ച് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്. കുറച്ചു മാസങ്ങളായി സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന് ആരോപിച്ചാണ് വാര്‍ത്താസമ്മേളനം നടത്തിയത്.

ജസ്റ്റിസ് ചെലമേശ്വറിനു പുറമെ രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ് എന്നിവരാണ് കോടതി നടപടികൾ നിർത്തിവച്ച് കോടതിക്കു പുറത്ത് വാർത്താസമ്മേളനം വിളിച്ചത്.

ഇപ്പോള്‍ നടക്കുന്നത് ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ അസാധാരണ സംഭവമാണെന്ന് സമ്മതിച്ചുകൊണ്ടാണ് ജസ്റ്റിസ് ചെലമേശ്വര്‍ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. ഒട്ടും സന്തോഷത്തോടെയല്ല ഈ സമ്മേളനം വിളിച്ചത്. സുപ്രീംകോടതിയുടെ ഭരണസംവിധാനം ശരിയായ രീതിയിലല്ല നടക്കുന്നത്. കോടതി അതിന്റെ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരുമെന്ന് ഉറപ്പാണെന്നും ജ്ഡ്ജിമാര്‍ പറഞ്ഞു.

ജഡ്ജിമാരുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിയമമന്ത്രി രവിശങ്കർ പ്രസാദുമായി ചർച്ച നടത്തി.

അതേസമയം ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് മുതിര്‍ന്ന ജഡ്ജിമാരുടെ പ്രതിഷേധമെന്നത് പൊട്ടിത്തറിയുടെ രാഷട്രീയ പ്രാധാന്യം വ്യക്തമാക്കുന്നതാണ്. ഗുജറാത്തിലെ സൊഹ്‌റാബുദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദംകേട്ട ജഡ്ജി ബി.എച്ച് ലോയയുടെ ദുരൂഹ മരണം ഏറെ രാഷട്രീയ വിവാദം ഉയര്‍ത്തിയിരുന്നു.