ജാമിഅ; ഡല്‍ഹി പൊലീസിന്റെ ക്രൂരത വ്യക്തമാക്കുന്ന ലൈബ്രറി സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്ക് പിന്നാലെ ഡിസംബര്‍ 15 ന് ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരായി ഡല്‍ഹി പൊലീസ് നടത്തിയ നരനായാട്ടിന്റെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ക്യാമ്പസിനകത്തെ ലൈബ്രറിയിലെ സിസിടിവി ഫൂട്ടേജാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

ഡിസംബര്‍ 15 മുതല്‍ എടുത്ത മുഴുനീള സിസിടിവി ഫൂട്ടേജിലാണ് ജാമിയയുടെ പഴയ റീഡിംഗ് ഹാളില്‍ സംഭവിച്ച അക്രമിത്തിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നത്.

ക്യാമ്പസില്‍ അതിക്രമിച്ച് കയറിയ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ ലൈബ്രറി ഹാളില്‍ കയറി ലാത്തികൊണ്ടും മറ്റും വായനാമുറിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണുന്നുണ്ട്.

ഡല്‍ഹി പോലീസ് അതിക്രമിച്ചു കയറുന്നതും വിദ്യാര്‍ത്ഥികളെ റീഡിംഗ് റൂമിലിട്ട് തല്ലുന്നതും പൊതുസ്വത്ത് നശിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്നാണ് മര്‍ദ്ദിക്കുന്നത്.

രണ്ട് മാസം മുമ്പുള്ള വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. ലൈബ്രറിയില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിക്കുന്നതിന്റെ 49 സെക്കന്‍ഡുള്ള വീഡിയോയാണ്  ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി (ജെസിസി) പുറത്തുവിട്ടത്.

പോലീസ് സേനയുടെ ക്രൂരമായ പ്രവര്‍ത്തനവും സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത തീവ്രവാദികള്‍ ജാമിഅയിലെ വിദ്യാര്‍ത്ഥികളോട് എങ്ങനെയാണ് ക്രൂരതകാണിക്കുന്നതെന്നും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാമെന്ന്, ജെ.സി.സി പ്രതികരിച്ചു.
അതേസമയം, പുതിയ സിസിടിവി ദൃശ്യങ്ങളോട് ഡല്‍ഹി പൊലീസും പ്രതികരിച്ചു. കേസ് ഇതിനകം െ്രെകംബ്രാഞ്ചിന് വിട്ടുകൊടുത്തതാണെന്നും
പുതിയ ദൃശ്യങ്ങള്‍ അവര്‍ പരിശോധനക്ക് വിധേയമാക്കുമെന്നും പൊലീസ് പറഞ്ഞു.

ഡിസംബര്‍ 15നായിരുന്നു ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജും ടിയര്‍ ഗ്യാസ് പ്രയോഗവുമുണ്ടായി. നൂറോളം വിദ്യാര്‍ത്ഥികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ ഇതുവരെ ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല.

അതേസമയം പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് പിന്നാലെ ജാമിഅ വിദ്യാര്‍ഥികള്‍ക്ക് ക്രൂരപീഡനം നേരിടേണ്ടിവന്നതിന് രണ്ട് മാസം പിന്നിട്ടിരിക്കെ ഇനിയും തുടരുന്ന വിദ്യാര്‍ഥിസമരത്തിന് പിന്തുണയുമായി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ക്യാമ്പസ് സന്ദര്‍ശിച്ചു.

കഴിഞ്ഞ രണ്ട് മാസമായി ജാമിയ മിലിയ സര്‍വകലാശാലയിലെ ഏഴാം നമ്പര്‍ ഗേറ്റിന് മുന്നിലെ കാഴ്ച്ചയാണിത്. പല തവണ പൊലീസ് ബലം പ്രയോഗിച്ച് മാറ്റാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല. വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി അധ്യാപകരും പരിസരവാസികളും സമരമുഖത്തുണ്ട്. പൗരത്വഭേദഗതി നിയമത്തിനെതിരായ വിദ്യാര്‍ഥികളുടെ പോരാട്ടം രാജ്യമെമ്പാടുമുള്ളവര്‍ക്ക് ധൈര്യവും പ്രതീക്ഷയും പകരുന്നതാണെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ് പറഞ്ഞു.

പ്രതിഷേധക്കാരോട് സംസാരിക്കാന്‍ പോലും സര്‍ക്കാര്‍ തയാറാകുന്നില്ല. തിരഞ്ഞെടുപ്പ് ജയിക്കണമെന്ന ലക്ഷ്യം മാത്രമെ ബിജെപിക്കുള്ളുവെന്നും അനുരാഗ് കശ്യപ് വിമര്‍ശിച്ചു.