ടിക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിച്ചതിന് പിന്നാലെ രസകരമായ ഒരു വിഡിയോ പങ്കുവച്ചുകൊണ്ട് ടിക്ടോക്കിന് ‘ബൈ’ പറഞ്ഞിരിക്കുകയാണ് ഫുക്രു. ചൈനീസിലുള്ള സംഭാഷണത്തിന് മലയാളം സബ്ടൈറ്റില്‍ നല്കി ഒരുക്കിയിരിക്കുന്ന വിഡിയോ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്.
‘ചൈനീസ് ആപ്പുകള്‍ നിരോധിച്ചല്ലോ, എന്തേലും മിസ് ചെയ്യുമോ’ എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയാണ് ഫുക്രു പുതിയ വിഡിയോ ഒരുക്കിയിരിക്കുന്നത്. ‘ടിക്ടോക്, ചെറുതായിട്ട്’ എന്നാണ് ഫുക്രുവിന്റെ ഉത്തരം. പിന്നീട് സ്വതസിദ്ധമായ ശൈലിയില്‍ ‘ബൈ’ പറഞ്ഞുപോകുന്നു. അദൃശ്യമായ ഒരുപാട് തടസ്സങ്ങള്‍ നീക്കി എളിയ ശ്രമങ്ങളിലൂടെ നിങ്ങളെ രസിപ്പിക്കാന്‍ ടിക്ടോക് ഞങ്ങളില്‍ ചിലരെ സഹായിച്ചു എന്നെഴുതിയാണ് വിഡിയോ അവസാനിക്കുന്നത്.
ടിക് ടോക്കിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് കൃഷ്ണജീവ് എന്ന ഫുക്രു. മോഡലിങ്, ഫോട്ടോഷൂട്ട്, റിയാലിറ്റി ഷോ, സിനിമ തുടങ്ങി നിരവധി അവസരങ്ങളാണ് ടിക് ടോക്കിലൂടെ ഫുക്രുവിനെ തേടിയെത്തിയത്.