രാജ്യത്ത് എണ്ണവിലയില്‍ തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും കുതിപ്പ്

ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞിട്ടും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികള്‍. 12 ദിവസം കൊണ്ട് ഇന്ധന വില ആറര രൂപയിലേറെയാണു കൂട്ടിയത്. ലോക്ഡൗണ്‍ മൂലമുള്ള പ്രതിസന്ധി മറികടക്കാന്‍ എക്‌സൈസ് തീരുവ അടയ്ക്കുന്നതിനു കൂടുതല്‍ സമയം ആവശ്യപ്പെട്ട് എണ്ണ കമ്പനികള്‍ കേന്ദ്രത്തെ സമീപിക്കുകയും ചെയ്തു. ചൈനയില്‍ വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞത്.

ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ക്രൂഡിന്റെ വില ഒരു ഡോളര്‍ കുറഞ്ഞ് ബാരലിന് 40 ഡോളറായി. എന്നാല്‍ ആഭ്യന്തര വിപണിയില്‍ എണ്ണവില വര്‍ധന തുടരുകയാണ് .12 ദിവസം കൊണ്ട് ഒരു ലീറ്റര്‍ ഡീസലിനു കൂടിയത് 6 രൂപ 68 പൈസയും പെട്രോളിന് 6 രൂപ 53 പൈസയുമാണ്. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 78 രൂപ ഏഴു പൈസയും ഡീസലിന് 72 രൂപ 46 പൈസയുമാണ് വ്യാഴാഴ്ചത്തെ നിരക്ക്. മാര്‍ച്ച് 16 മുതല്‍ ജൂണ്‍ ആറ് വരെ ഇന്ധന വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില ബാരലിന് 33 ഡോളറില്‍ നിന്ന് 19 ഡോളറായി കുത്തനെ കുറഞ്ഞു. ഇതു മുതലെടുത്ത് കേന്ദ്രം എക്‌സൈസ് തീരുവ പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും കൂട്ടിയതോടെ വിലയിടിവിന്റെ നേട്ടം ഉപഭോക്താക്കള്‍ക്കു ലഭിച്ചില്ല. ലോക്ഡൗണ്‍ തീര്‍ന്നതോടെ രാജ്യാന്തര വിപണിയില്‍ എണ്ണ വില 33 ഡോളറില്‍ നിന്ന് 41 ഡോളറായി വര്‍ധിച്ചു. ഈ വര്‍ധനയുടെ ഭാരം എണ്ണ കമ്പനികള്‍ ഉപഭോക്താക്കള്‍ക്കു കൈമാറിയതോടെയാണ് ഓരോ ദിവസവുമുള്ള ഇന്ധനവില വര്‍ധന.

SHARE