പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍; ലിറ്ററിന് നാലു രൂപ വര്‍ധിപ്പിച്ചേക്കും

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനു വേണ്ടി വില പിടിച്ചു നിര്‍ത്തിയതിന്റെ നഷ്ടം നികത്തുന്നതിനായി എണ്ണവിലയില്‍ വന്‍ വര്‍ധനവ് വരുത്താന്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ ഒരുങ്ങുന്നു.
പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് നാലു രൂപയോളം വര്‍ധിപ്പിക്കണമെന്നാണ് പൊതുമേഖല എണ്ണകമ്പനികളുടെ ആവശ്യം. കഴിഞ്ഞ മൂന്ന് ആഴ്ചയായി എണ്ണവില വര്‍ധിപ്പിക്കാതെ നിലനിര്‍ത്തിയതിനാല്‍ നിലവിലെ സാഹചര്യത്തില്‍ എണ്ണകമ്പനികള്‍ക്ക് ഡീസല്‍ വിലയില്‍ 3.50-4 രൂപയും പെട്രോളിന് 4-4.50 രൂപയും വര്‍ധിപ്പിക്കേണ്ടതുണ്ടെന്നാണ് കമ്പനികള്‍ പറയുന്നത്.

അതിനിടെ സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധനവില വര്‍ദ്ധിച്ചു. തിരുവനന്തപുരത്ത് പെട്രോള്‍ വില എണ്‍പതിലേക്ക് അടുക്കുകയാണ്. പെട്രോളിന് 30 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂടിയത്. സംസ്ഥാനത്ത് എണ്ണ വില സര്‍വകാല റെക്കോര്‍ഡിലാണ്. തിരുവനന്തപുരത്ത് പെട്രോളിന് 79 രൂപ 69 പൈസയും ഡീസലിന് 72 രൂപ 82 പൈസയുമാണ് ഇന്നത്തെ നിരക്ക്.

കോഴിക്കോട് പെട്രോളിന് 78 രൂപ 66 പൈസയും ഡീസലിന് 71 രൂപ 87 പൈസയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 78 രൂപ 41 പൈസയും ഡീസലിന് 71 രൂപ 61 പൈസയിലുമാണ് നിരക്ക്.