കടുംകൊള്ള തുടരുന്നു; 19 ദിവസത്തിനിടെ ഇന്ധനവിലയില്‍ 18.72 രൂപയുടെ വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ഇന്ധനവിലയില്‍ വര്‍ധന. തുടര്‍ച്ചയായ 19ാം ദിവസമാണ് ഡീസലിന്റെ വില വര്‍ധിപ്പിക്കുന്നത്. പെട്രൊളിന് ലിറ്ററിന് 16 പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. കഴിഞ്ഞ 19 ദിവസംകൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 10.04 രൂപയും പെട്രോളിന് 8.68 രൂപയുമാണ് കൂടിയത്. കൊച്ചിയിലെ ഡീസല്‍ വില 75 രൂപ 84 പൈസ, പെട്രോള്‍ വില 80.08രൂപയാണ്. ഡല്‍ഹിയില്‍ ഡീസല്‍ വില ലിറ്ററിന് 80.18 രൂപയും പെട്രോളിന് 79.76 രൂപയുമായി.

കൊല്‍ക്കത്തയില്‍ പെട്രോളിന് 81.45 രൂപയും ഡീസലിന് 75.06 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 86.54 രൂപയും ഡീസലിന് 78.22 രൂപയുമാണ് പുതുക്കിയ വില. ചെന്നൈയില്‍ പെട്രോള്‍- 83.04 രൂപ, ഡീസല്‍- 77.12 രൂപ. പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി 30% ആയി ഉയര്‍ത്തിയതാണ് ഡല്‍ഹിയില്‍ ഡീസല്‍ വിലയില്‍ കാര്യമായ മാറ്റമുണ്ടാക്കിയത്. നേരത്തേ പെട്രോളിന് 27%, ഡീസലിന് 16.75 % എന്നിങ്ങനെയായിരുന്നു മൂല്യവര്‍ധിത നികുതി.

ജൂണ്‍ ഏഴ് മുതലാണ് ഇന്ധനവില ഉയരാന്‍ തുടങ്ങിയത്. ഇതിനിടയില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടും ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ടിരുന്നു. ലോക്ക് ഡൗണിന് ശേഷം രാജ്യങ്ങള്‍ തുറന്നതോടെ രാജ്യാന്തരതലത്തില്‍ എണ്ണവില കൂടാനും തുടങ്ങി. ലോക്ക് ഡൗണ്‍ മൂലമുണ്ടായ വന്‍നഷ്ടം നികത്താനായി വരുംമാസങ്ങളിലും രാജ്യത്ത് കമ്ബനികള്‍ എണ്ണവില ഉയര്‍ത്താനാണ് സാധ്യത.

SHARE