അഞ്ചു വയസുകാരിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചു; അധ്യാപികമാര്‍ക്ക് തടവ് ശിക്ഷ

പട്‌ന: അഞ്ചുവയസുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ രണ്ട് അധ്യാപികമാര്‍ക്ക് തടവുശിക്ഷ. സെന്റ് സേവ്യര്‍ ഹൈസ്‌കൂളിലെ നുതാന്‍ ജോസഫ്, ഇന്ദു ആനന്ദ് എന്നിവര്‍ക്കാണ് പട്നയിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. പോക്‌സോ നിയമപ്രകാരമാണ് അധ്യാപികമാര്‍ക്ക് തടവ് ശിക്ഷ വിധിച്ചത്. അധ്യാപികമാരായ നുതാന്‍ ജോസഫിന് പത്ത് വര്‍ഷവും ഇന്ദു ആനന്ദിന് ഏഴ് വര്‍ഷവുമാണ് തടവ്. സംഭവത്തില്‍ അധ്യാപികമാര്‍ കുറ്റക്കാരാണെന്ന് ജൂലായ് 11 ന് പോക്‌സോ പ്രത്യേക ജഡ്ജി രവീന്ദ്രനാഥ് ത്രിപാഠി വിധിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ കേസില്‍ ശിക്ഷ വിധിക്കുകയായിരുന്നു.

കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഇവര്‍ക്ക് 20,000 രൂപ പിഴക്കും കോടതി വിധിച്ചു. അധ്യാപികമാര്‍ ചേര്‍ന്ന് എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയായ അഞ്ചുവയസുകാരിയെ ക്ലാസില്‍ വിവസ്ത്രയാക്കി നിര്‍ത്തുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു എന്നാണ് എഫ്ഐആറില്‍ വ്യക്തമാക്കിയിരുന്നത്. വൈദ്യ പരിശോധനയില്‍ പീഡനം സ്ഥിരീകരിച്ചിരുന്നു. 2016 നവംബറിലായിരുന്നു സംഭവം. കുട്ടി വീട്ടിലെത്തി വിവരം അറിയിച്ചതിനെ തുടര്‍ ന്നാണ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും അതേ മാസം തന്നെ അധ്യാപികമാരെ പിടികൂടുകയുമായിരുന്നു. സംഭവം വ ലിയ രാഷ്ട്രീയ വിവാദമായിരുന്നു. രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ രംഗത്തുവരികയും വന്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.