ലോക്ക്ഡൗണ്‍ നീട്ടുന്നതിന് മുമ്പ് നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ല; രാജ്യത്തെ പ്രധാന സ്റ്റേഷനുകളില്‍ കുടിയേറ്റതൊഴിലാളികളുടെ പ്രതിഷേധം

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ അടക്കം നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ലോക്ക്ഡൗണ്‍ നീട്ടിയതിനെതിരെ രാജ്യത്ത് പ്രതിഷേധമുയരുന്നു. 21 ദിവസത്തെ സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ഇന്ന് അനസാനിക്കുമെന്ന് പ്രതീക്ഷിച്ച് രാജ്യത്തെ പ്രധാന റെയല്‍വേസ്റ്റേഷനുകളില്‍ നിരവധി കുടിയേറ്റതൊഴിലാളികളാണ് നാട്ടില്‍പോവാനായി എത്തിയത്.

രാജ്യവ്യാപക ലോക്ക്ഡൗണ്‍ നീട്ടിയതിന് പിന്നാലെ മുംബൈയിലെ ബാന്ദ്രയില്‍ ആയിരകണക്കിന് കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധവുമായി ഇറങ്ങിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. ഇത് കേന്ദ്ര സര്‍ക്കാരും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള വാക്പോരിലേക്ക് എത്തിയിരിക്കുകയാണ്.

കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ബാന്ദ്രയിലയടക്കമുള്ള പ്രതിഷേധത്തിന് കാരണമെന്ന് മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രി ആദിത്യ താക്കറെ തുറന്നടിച്ചു. ലോക്ക്ഡൗണ്‍ നീട്ടുന്നതിന് മുമ്പ് കുടിയേറ്റ തൊഴിലാളികളെ അവരുടെ നാടുകളിലേക്ക് എത്തിക്കുന്നതിനുള്ള വഴിഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തതിന്റെ ഫലമാണ് ബാന്ദ്രയില്‍ കണ്ടതെന്നും. ഗുജറാത്തിലെ സൂറത്തിലും പ്രതിഷേധമുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലാകള്‍ക്ക് ഭക്ഷണമോ പാര്‍പ്പിടമോ അല്ല ഇപ്പോള്‍ ആവശ്യമെന്നും അവര്‍ വീടുകളിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും ആദിത്യ താക്കറെ ട്വീറ്റ് ചെയ്തു.

ശരിയായ ഭക്ഷണവും സൗകര്യങ്ങളും ഏര്‍പ്പെടുത്താതിനെ തുടര്‍ന്നാണ് കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധത്തിനിറങ്ങിയതെന്നാണ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് അരോപണം. സംസ്ഥാന സര്‍ക്കാരിനാണ് ഇതിന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, ബാന്ദ്ര സംഭവത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ മഹാരാഷ്ട്ര മുഖ്യന്ത്രി ഉദ്ധവ് താക്കറയെ വിളിച്ച് ആശങ്കയറിയിച്ചു. മഹാരാഷ്ട്ര സര്‍ക്കാരിന് അദ്ദേഹം പൂര്‍ണ്ണ പിന്തുണയും പ്രഖ്യാപിച്ച ഷാ, ഇത്തരം സംഭവങ്ങള്‍ കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്നതായി സൂചിപ്പിച്ചു. ഇവ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നുമാണ് അമിത് ഷാ പറഞ്ഞത്.

ഏപ്രില്‍ 14ല്‍ നിന്നും ലോക്ക്ഡൗണ്‍ മെയ് മൂന്നിലേക്ക് നീട്ടിയതിന് പിന്നാലെയാണ് ഇന്ന് വൈകുന്നേരത്തോടെ രാജ്യത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ പ്രതിഷേധം അരങ്ങേറിയത്. മുംബൈ ബാന്ദ്ര സ്റ്റേഷന്‍ പരിസരത്ത് ആയരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് ഒരുമിച്ചുകൂടിയത്. താനെ ജില്ലയിലെ പ്രാന്തപ്രദേശമായ മുംബ്രയിലും സമാനമായ രീതിയില്‍ നിരവധി കുടിയേറ്റ തൊഴിലാളികള്‍ തടിച്ചുകൂടി. സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം.

ഗുജറാത്തിലെ സൂറത്തിലും സമാനമായ പ്രതിഷേധം അരങ്ങേറി. അഞ്ഞൂറിലേറെ തൊഴിലാളികളാണ് തടിച്ചുകൂടിയത്. അഹമ്മദാബാദിലും ഹൈദരാബാദിലും സമാന രീതിയില്‍ ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.