സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍


കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ, മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും ഉച്ചക്ക് ശേഷം മുന്‍ഗണനേതര വിഭാഗത്തിനും റേഷന്‍ വിതരണം ചെയ്യും. ഒരു സമയം അഞ്ചുപേര്‍ മാത്രമേ കടയില്‍ ഉണ്ടാകാന്‍ പാടുള്ളൂ. ശാശീരിക അകലം പാലിക്കണം. ഇതിനായി ടോക്കണ്‍ വ്യവസ്ഥ സ്വീകരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

റേഷന്‍ വീടുകളില്‍ എത്തിക്കുന്നതിന് ജനപ്രതിനിധികളെയോ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരെയോ മാത്രമേ അനുവദിക്കൂ. നേരിട്ടെത്തി വാങ്ങാന്‍ കഴിയാത്തവര്‍ക്ക് വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചുകൊടുക്കണം. ഇതിനായി രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം സ്വീകരിക്കാം. സന്നദ്ധ പ്രവര്‍ത്തകര്‍ മുന്‍ഗണന നല്‍കേണ്ടത് അന്ത്യോദയ വിഭാഗത്തിനും മുന്‍ഗണനാ വിഭാഗത്തിനും ധാന്യങ്ങള്‍ എത്തിക്കുന്നതിനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരക്ക് നിയന്ത്രിക്കാനായി റേഷന്‍ കാര്‍ഡ് നമ്പരിന്റെ അവസാന അക്കം വച്ച് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ക്രമീകരണങ്ങള്‍ ഇങ്ങനെ:

ഏപ്രില്‍ ഒന്നാം തിയതി – 0, 1 അക്കങ്ങളില്‍ കാര്‍ഡ് നമ്പര്‍ അവസാനിക്കുന്നവര്‍ക്ക്
ഏപ്രില്‍ രണ്ടാം തിയതി – 2, 3 അക്കങ്ങളില്‍ കാര്‍ഡ് നമ്പര്‍ അവസാനിക്കുന്നവര്‍ക്ക്
ഏപ്രില്‍ മൂന്നാം തിയതി – 4,5 അക്കങ്ങളില്‍ കാര്‍ഡ് നമ്പര്‍ അവസാനിക്കുന്നവര്‍ക്ക്
ഏപ്രില്‍ നാലാം തിയതി – 6,7 അക്കങ്ങളില്‍ കാര്‍ഡ് നമ്പര്‍ അവസാനിക്കുന്നവര്‍ക്ക്
ഏപ്രില്‍ അഞ്ചാം തിയതി – 8,9 അക്കങ്ങളില്‍ കാര്‍ഡ് നമ്പര്‍ അവസാനിക്കുന്നവര്‍ക്ക്