കോവിഡിനെതിരായ പോരാട്ടത്തില്‍ അണിനിരന്ന ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി ഒരുലക്ഷം വിമാന ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുമെന്ന് ഖത്തര്‍ എയര്‍വേയ്സ്. ടിക്കറ്റിനായി മെയ് 12 മുതല്‍ മെയ് 18 വരെയുള്ള ദിവസങ്ങളില്‍ രജിസ്ട്രര്‍ ചെയ്യാം. രജിസ്ട്രര്‍ ചെയ്ത് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഈ വര്‍ഷം ഡിസംബര്‍ 10വരെയുള്ള ഏത് ദിവസം വേണമെങ്കിലും സൗജന്യ ടിക്കറ്റില്‍ ഖത്തര്‍ എയര്‍വെയ്സില്‍ യാത്ര ചെയ്യാനാവും.
രജിസ്ട്രര്‍ ചെയ്താല്‍ ലഭിക്കുന്ന പ്രൊമോഷന് കോഡ് ഉപയോഗിച്ച് സൗജന്യ വിമാന ടിക്കറ്റ് വാങ്ങാം. പ്രമോഷന് കോഡ് ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് നടത്തുന്ന ലോകത്തെ നഗരത്തിലേക്കും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാപ്പം മറ്റൊരാള്‍ക്ക് കൂടെ യാത്ര ചെയ്യാന്‍ സൗജന്യ ടിക്കറ്റ് അനുവദിക്കും. മടക്ക ടിക്കറ്റ് അടക്കമാണ് വിമാനക്കമ്പനി സൗജന്യമായി അനുവദിക്കുന്നത്.
ടിക്കറ്റ് ലഭിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ടിക്കറ്റിനായി അപേക്ഷിക്കാം.
ഇതിനായി ഖത്തര്‍ എയര്‍വേയ്സിന്റെ താങ്ക് യൂ മെഡിക് (qatarairways.com/en-in/offers/thank-you-medics.html) എന്ന പേജില്‍ പോയി രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മതി.
ഡോക്ടര്‍മാര്‍, മെഡിക്കല്‍ പ്രാക്ടീഷനര്‍മാര്‍, നഴ്സ്, പാരാമെഡിക്കല്‍ ജീവനക്കാര്‍, ലാബ് ടെക്നീഷ്യന്‍സ്, ക്ലിനിക്കല്‍ ഗവേഷകര്‍ എന്നിവര്‍ ടിക്കറ്റിന് അര്‍ഹരാണ്.
ഓരോ ദിവസവും ആര്‍ക്കൊക്കെ പ്രൊമോ കോഡ് ലഭിച്ചെന്ന് ഖത്തര്‍ സമയം രാത്രി 12.01ന് പ്രഖ്യാപിക്കും.
ടിക്കറ്റിനു പുറമേ സര്‍ചാര്‍ജുകളും ഖത്തര്‍ എയര്‍വെയ്സ് വഹിക്കും.
വെബ്സൈറ്റില്‍ രജിസ്ട്രര്‍ ചെയ്യുമ്പോള്‍ ഏത് ജോലിയാണ് ചെയ്യുന്നതെന്നും ജോലി ചെയ്യുന്ന ആശുപത്രിയുടെയോ ആരോഗ്യ കേന്ദ്രത്തിന്റേയോ പേരും രേഖപ്പെടുത്തണം.
സൗജന്യ ടിക്കറ്റിന് അര്‍ഹത ലഭിച്ചാല്‍ യാത്രയ്ക്ക് മുന്‍പ് വിമാനത്തവാളത്തിലെ ചെക്ക് ഇന്‍ കൗണ്ടറില്‍ തൊഴില്‍ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം.
രജിസ്ട്രേഷന് ഫോമില്‍ ചേര്‍ത്ത അതേ തൊഴില്‍ തന്നെ ഇവയിലും രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാത്രമാണ് യാത്രയ്ക്ക് അനുമതി ലഭിക്കുക.
യാത്രയ്ക്ക് 14 ദിവസം മുന്‍പെങ്കിലും പ്രൊമോ കോഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യണം.
ആദ്യം രജിസ്ട്രര്‍ ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാണ് പ്രൊമോ കോഡ് ലഭികക്കുക.
യാത്ര ചെയ്യേണ്ട സ്ഥലമോ ദിവസമോ എത്ര തവണ വേണമെങ്കിലും മാറ്റാവുന്നതാണ്. ഇതിന് പ്രത്യേക ഫീസ് ഈടാക്കില്ല.