പാരിസ്: റഫേല്‍ യുദ്ധവിമാന ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത് ഇന്ത്യ തന്നെയെന്ന വെളിപ്പെടുത്തലുമായി മുന്‍ ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാങ്കോ ഒലാന്ദെ. റഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്ന ഫ്രഞ്ച് കമ്പനി ദാസ്സോ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സുമായി കരാറിലെത്തിയതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന നരേന്ദ്ര മോദി സര്‍ക്കാറിന്റെ അവകാശവാദം പൊളിക്കുന്നതാണ്, റാഫേല്‍ കരാര്‍ ഒപ്പുവെച്ച ഒലാന്ദെയുടെ വെളിപ്പെടുത്തല്‍. മീഡിയാപാര്‍ട്ട് എന്ന ഫ്രഞ്ച് മാഗസിനുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍.
Another big story: former French President Francois Hollande tells a French paper the French govt had no choice in the partner for Rafale. “ We did not have any choice in the selection of Ambani, Indian govt proposed Reliance. We worked with the interlocutor that was given”.
— Nidhi Razdan (@Nidhi) September 21, 2018
‘ഇക്കാര്യത്തില്‍ നമുക്ക് വല്ലതും പറയാന്‍ അവസരമുണ്ടായിരുന്നില്ല. ഇന്ത്യന്‍ ഗവണ്‍മെന്റാണ് ഈ ഗ്രൂപ്പിനെ നിര്‍ദേശിച്ചത്. ദാസ്സോ അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. നമുക്ക് ഒരു ചോയ്‌സ് ഉണ്ടായിരുന്നില്ല, നല്‍കപ്പെട്ടവരെ എടുക്കുകയായിരുന്നു. ജുലി ഗായേയുടെ സിനിമയും ഇതും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് എനിക്ക് ഊഹിക്കാന്‍ പോലും കഴിയുന്നില്ല.’ – ഒലാന്ദെയുടെ വാക്കുകള്‍.
യു.പി.എ സര്‍ക്കാര്‍ ഒപ്പുവെച്ച റഫേല്‍ കരാറില്‍ നിന്ന് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിനെ (എച്ച്.എ.എല്‍) മാറ്റിക്കൊണ്ടാണ് മോദി സര്‍ക്കാറും ഫ്രാന്‍സുമായുള്ള കരാറില്‍ റിലയന്‍സ് ഡിഫന്‍സിനെ ഉള്‍പ്പെടുത്തിയത്. പ്രതിരോധ നിര്‍മാണ രംഗത്ത് ഏറെ പരിചയമുള്ള എച്ച്.എ.എല്ലിനെ മാറ്റി ഈയിടെ മാത്രം രൂപീകൃതമായ, കോടിക്കണക്കിന് കടബാധ്യതയുള്ള അനില്‍ അംബാനിയുടെ കമ്പനിയെ ഉള്‍പ്പെടുത്തിയത്.
യു.പി.എ സര്‍ക്കാര്‍ ഒപ്പുവെച്ച കരാറില്‍ 2016-ല്‍ തിടുക്കപ്പെട്ട് ഭേദഗതി വരുത്തിയത് നരേന്ദ്ര മോദി തന്റെ സുഹൃത്തായ അംബാനിയെ സഹായിക്കാന്‍ വേണ്ടിയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. റഫേല്‍ വിമാനങ്ങളുടെ വില അനാവശ്യമായി വര്‍ധിപ്പിക്കുക മാത്രമല്ല, അംബാനിയെ സഹായിക്കുക കൂടിയാണ് പുതുക്കിയ കരാറില്‍ മോദിയുടെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുറന്നടിച്ചു.
റഫേല്‍ കരാറിന്റെ ഭാഗമായുള്ള കാര്യങ്ങള്‍ക്കു വേണ്ടി റിലയന്‍സ് ഡിഫന്‍സിനെ തെരഞ്ഞെടുത്തത് ദാസ്സോ തന്നെയാണെന്നും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്.
2016-ല്‍ ന്യൂഡല്‍ഹിയില്‍ വെച്ചാണ് 59,000 കോടി രൂപക്ക് 36 റഫേല്‍ വിമാനങ്ങള്‍ വാങ്ങാമെന്ന കരാറില്‍ ഇന്ത്യ ഫ്രാന്‍സുമായി കരാര്‍ ഒപ്പുവെച്ചത്. 2016 അവസാനത്തില്‍ റിലയന്‍സിന് 49 ശതമാനം ഓഹരിയുള്ള ദാസ്സോ രിലയന്‍സ് എയ്‌റോസ്‌പേസ് ലിമിറ്റഡ് എന്ന കമ്പനി നിലവില്‍ വരികയും ചെയ്തു.
കരാര്‍ ഒപ്പുവെക്കാനായി ഇന്ത്യയിലെത്തിയ ഫ്രാങ്കോ ഒലാന്ദെക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യ ജൂലി ഗായേയുമുണ്ടായിരുന്നു. ഫ്രഞ്ച് സംവിധായകയായ ഇവരുടെ സിനിമ നിര്‍മിക്കാന്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് കരാര്‍ ഒപ്പുവെച്ചിരുന്നു.