ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍

 

ബലാത്സംഗത്തിന് തെളിവ് കിട്ടയതായി പോലീസ്
നാളെ കോടതിയില്‍ ഹാജരാക്കും

മാസങ്ങള്‍ നീണ്ട ആകാംക്ഷകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പോലീസ് അറസ്റ്റു ചെയ്തു. മൂന്നാംദിവസത്തെ ചോദ്യംചെയ്യലിനായി തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലിലെത്തിച്ച ഫ്രാങ്കോ മുളയ്ക്കലിനെ അല്‍പം മുന്‍പാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാലാ കോടതിയില്‍ ആകും ബിഷപ്പിനെ ഹാജരാക്കുക. രണ്ടുദിവസത്തെ കസ്റ്റഡി പൊലീസ് ആവശ്യപ്പെടും. ചോദ്യം ചെയ്യല്‍മുറിയില്‍ നിന്ന് ബിഷപ്പിനെ മറ്റൊരു മുറിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റുണ്ടാവുമെന്ന് ഇന്നലെത്തന്നെ ബിഷപ്പിനെ അന്വേഷണ സംഘം അറിയിച്ചിരുന്നതായാണ് വിവരം.

അറസ്റ്റ് അഭ്യൂഹം പരന്നതിന് പിന്നാലെ എല്ലാം പൊലീസ് പറയുമെന്ന വിശദീകരണവുമായി മന്ത്രി ഇ.പി.ജയരാജന്‍ രംഗത്തെത്തിയിരുന്നു. ഇന്ന് രാവിലെ കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെത്തി പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി അന്വേഷണസംഘം വീണ്ടുമെടുത്തിരുന്നു. രണ്ടു ദിവസവും ഏഴു മണിക്കൂറും നീണ്ട ചോദ്യം ചെയ്യലില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിരോധത്തിലായിരുന്നു. അന്വേഷണ സംഘത്തിന്റെ തെളിവുകള്‍. പീഡനം നടന്ന ദിവസങ്ങളില്‍ കുറവിലങ്ങാട് മഠത്തില്‍ താമസിച്ചതിന്റെ തെളിവുകളും മൊഴികളും നിരത്തിയതോടെ ബിഷപ്പ് കൂടുതല്‍ പ്രതിരോധത്തിലായി. പരാതിക്ക് കാരണം അച്ചടക്കനടപടിയാണെന്ന ബിഷപ്പിന്റെ ആരോപണവും തെളിവുകള്‍ നിരത്തി അന്വേഷണ സംഘം പൊളിച്ചു.

ബിഷപ്പിനെ കുരുക്കുന്ന പത്തിലേറെ തെളിവുകളാണ് ചോദ്യംചെയ്യലിന്റെ രണ്ടാംദിവസം അന്വേഷണ സംഘം നിരത്തിയത്. കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നതു പോലെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ താമസിച്ചിട്ടില്ലെന്നായിരുന്നു ബിഷപ്പിന്റെ മൊഴി. ബിഷപ്പ് എത്തിയതിന് തെളിവായി മഠത്തിലെ സന്ദര്‍ശക റജിസ്റ്റര്‍ അന്വേഷണ സംഘം ആദ്യം പുറത്തെടുത്തു. മഠത്തില്‍ ബിഷപ്പ് എത്തിയ തീയതികള്‍ റജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. 20-ാം നമ്പര്‍ മുറിയിലായിരുന്നു ബിഷപ്പിന്റെ താമസം. ഇതെല്ലാം കൃത്രിമമാണെന്ന് ബിഷപ്പ് വാദിച്ചു. ഇതോടെ മൂന്ന് നിര്‍ണായക മൊഴികള്‍ പൊലീസ് നിരത്തി.

കുറവിലങ്ങാട് മഠത്തില്‍ ആറ് മാസത്തിലേറെ ഉണ്ടായിരുന്ന കന്യാസ്ത്രീയുടെ മൊഴിയാണ് ഒന്ന്. കന്യാസ്ത്രീ ആദ്യ പീഡനത്തിന് ഇരയായ 2014 മെയ് അഞ്ചിന് ബിഷപ്പ് എത്തിയത് റജിസ്റ്ററില്‍ എഴുതിയത് ഈ കന്യാസ്ത്രീയാണ്. ബിഷപ്പ് ഇവിടെ തങ്ങിയിട്ടുണ്ടെന്ന് മൊഴിയിലുണ്ട്. ബിഷപ്പ് മഠത്തിലെത്തിയ ബിഎംഡബ്‌ള്യു കാറിന്റെ ഡ്രൈവറുടെ മൊഴിയാണ് മറ്റൊന്ന്. മുതലക്കോടം മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പിന് എതിരായി. ഇതോടെ ബിഷപ്പ് നിരാശനായി. തുടര്‍ന്നുള്ള ചോദ്യങ്ങളില്‍ ഉത്തരംമുട്ടിയ ബിഷപ്പ് മറുപടികളില്ലാതെ കുഴഞ്ഞു. ഒടുവില്‍ അച്ചടക്ക നടപടിയുടെ പ്രതികാരമാണ് പരാതിക്ക് കാരണമെന്ന് ബിഷപ്പ് ആവര്‍ത്തിച്ചു.ഇതോടെ അച്ചടക്ക നടപടിക്ക് മുന്‍പ് തന്നെ ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതി നല്‍കിയതിന്റെ തെളിവുകളും പൊലീസ് നിരത്തി. ഇതോടെ പ്രതിരോധിക്കാനുള്ള ബിഷപ്പിന്റെ വഴികളെല്ലാം അടഞ്ഞു

SHARE