പോര്‍ച്ചുഗലിനും ഫ്രാന്‍സിനും ലോകകപ്പ് യോഗ്യത, ഹോളണ്ട് പുറത്ത്; ഇറ്റലി, ക്രൊയേഷ്യ പ്ലേ ഓഫിന്

ലിസ്‌ബോ: യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലും മുന്‍ ലോക ജേതാക്കളായ ഫ്രാന്‍സും സെര്‍ബിയ, പോളണ്ട്, ഐസ്‌ലാന്റ് ടീമുകളും 2018 ലോകകപ്പിന് യോഗ്യത നേടി. ഇറ്റലി, ക്രൊയേഷ്യ, സ്വീഡന്‍, ഡെന്‍മാര്‍ക്ക് ടീമുകള്‍ മേഖലയില്‍ നിന്ന് പ്ലേ ഓഫിന് യോഗ്യത നേടിയപ്പോള്‍ അവസാന മത്സരത്തില്‍ ജയിച്ചിട്ടും ഹോളണ്ട് ഗോള്‍ വ്യത്യാസത്തില്‍ പ്ലേ ഓഫ് യോഗ്യത ഇല്ലാതെ പുറത്തായി.

ഗ്രൂപ്പ് എയിലെ നിര്‍ണായക മത്സരത്തില്‍ ബെലാറസിനെ ഒന്നിനെതിരെ രണ്ടു ഗോളിന് തോല്‍പ്പിച്ചാണ് ഫ്രാന്‍സ് ടിക്കറ്റുറപ്പാക്കിയത്. ആന്റോയിന്‍ ഗ്രീസ്മന്‍, ഒളിവര്‍ ജിറൂദ് എന്നിവര്‍ ആതിഥേയരുടെ ഗോളുകള്‍ നേടിയപ്പോള്‍ ആന്റണ്‍ സരോക ബെലാറസിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി.

ഇതേ ഗ്രൂപ്പില്‍ ഏഴ് ഗോളിനെങ്കിലും ജയിച്ചാല്‍ മാത്രം സാധ്യതയുണ്ടായിരുന്ന ഹോളണ്ട് സ്വീഡനെ 2-0 ന് പരാജയപ്പെടുത്തിയെങ്കിലും ലോകകപ്പ് കാണാതെ പുറത്തായി. വെറ്ററന്‍ താരം ആര്‍യന്‍ റോബനാണ് രണ്ട് ഗോളും നേടിയത്. സ്വീഡന്‍ ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടി.

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്‌സര്‍ലാന്റിനെ രണ്ടു ഗോളിന് വീഴ്ത്തി ഗോള്‍ വ്യത്യാസത്തിന്റെ കരുത്തിലാണ് പോര്‍ച്ചുഗല്‍ മുന്നേറിയത്. മുന്നേറാന്‍ സമനില മാത്രം മതിയായിരുന്ന സ്വിറ്റ്‌സര്‍ലാന്റിന് 41-ാം മിനുട്ടിലെ യോഹന്‍ ദ്യോറുവിന്റെ സെല്‍ഫ് ഗോളാണ് തിരിച്ചടിയായത്. 57-ാം മിനുട്ടില്‍ ആേ്രന്ദ സില്‍വ പറങ്കിളുടെ ജയമുറപ്പാക്കി ഗോള്‍ നേടി.

ഗ്രൂപ്പ് ഡിയില്‍ ജോര്‍ജിയയെ ഒരു ഗോളിന് വീഴ്ത്തിയാണ് സെര്‍ബിയ യോഗ്യത നേടിയത്. വെയില്‍സിനെ അവരുടെ ഗ്രൗണ്ടില്‍ വീഴ്ത്തി ഈ ഗ്രൂപ്പില്‍ നിന്ന് റിപ്പബ്ലിക് ഓഫ് അയര്‍ലാന്റ് പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കി. ഗ്രൂപ്പ് ഇയില്‍ മോണ്ടനെഗ്രോയെ 4-2 ന് വീഴ്ത്തി പോളണ്ട് ടിക്കറ്റെടുത്തപ്പോള്‍ ഡെന്മാര്‍ക്ക് രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫ് ടിക്കറ്റുറപ്പിച്ചു.

ഗ്രൂപ്പ് എഫില്‍ നേരത്തെ യോഗ്യത നേടിയ ഇംഗ്ലണ്ട് ലിത്വാനിയയെ അവരുടെ ഗ്രൗണ്ടില്‍ വീഴ്ത്തിയപ്പോള്‍ ഈ ഗ്രൂപ്പിവല്‍ രണ്ടാം സ്ഥാനക്കാരായിട്ടും സ്ലോവാക്യക്ക് പ്ലേ ഓഫ് യോഗ്യത ലഭിച്ചില്ല.

യൂറോപ്പില്‍ നിന്ന് നേരിട്ട് യോഗ്യത നേടിയ ടീമുകള്‍:
ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ജര്‍മനി, സെര്‍ബിയ, പോളണ്ട്, ഇംഗ്ലണ്ട്, സ്‌പെയിന്‍, ബെല്‍ജിയം, ഐസ് ലാന്റ്.

പ്ലേ ഓഫ് യോഗ്യത ടീമുകള്‍:
സീഡഡ്: സ്വിറ്റ്‌സര്‍ലാന്റ്, ഇറ്റലി, ക്രൊയേഷ്യ, ഡെന്‍മാര്‍ക്ക്
അണ്‍സീഡഡ്: വടക്കന്‍ അയര്‍ലാന്റ്, റിപ്പബ്ലിക് ഓഫ് അയര്‍ലാന്റ്, ഗ്രീസ്, സ്വീഡന്‍

സീഡഡ് ടീമുകള്‍ക്ക് അണ്‍സീഡഡ് കാറ്റഗറിയില്‍ ഉള്ള ടീമിനോടാവും പ്ലേ ഓഫ് മത്സരിക്കാനുണ്ടാവുക. പ്ലേ ഓഫ് എതിരാളികളെ നറുക്കെടുപ്പിലൂടെ തീരുമാനിക്കും.