സൂറിച്ച്: ബാലന് ഡിഓര്‍ പുരസ്കാരത്തിനുള്ള വോട്ടെടുപ്പ് ഘട്ടങ്ങള്‍ പൂര്‍ത്തിയാവുന്നതിനിടെ ഫുട്ബോള്‍ ലോകത്തെ അമ്പരപ്പിച്ച് പുതിയ വാര്‍ത്ത. മികച്ച താരത്തെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ ഫുട്ബോള്‍ ആരാധകരില്‍ നിന്നും മെസിക്ക് വന്‍ പിന്തുണ ലഭിച്ചതോടെ “ഫാന്‍ വോട്ട്” സംവിധാനം അധികൃതര്‍ എടുത്തു കളഞ്ഞതാണ് വിവാദമായിരിക്കുന്നത്.
പ്രമുഖ ഫ്രഞ്ച് ഫുട്ബോള്‍ മാഗസിനായ ഫ്രാന്‍സ് ഫുട്ബോളാണ് ബാലന് ഡിഓര്‍ താരത്തെ തെരഞ്ഞെടുക്കുന്നത്. മാധ്യമ പ്രവര്‍ത്തകരുടേയും ഫുട്ബോള്‍ വിദഗ്ധരുടേയും വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുപ്പ്. ഇതിന് മുന്നാടിയായി കഴിഞ്ഞ ദിവസം നടത്തിയ ആരാധകരുടെ വോട്ടെടുപ്പിന്റെ ഫലമാണ് അധികൃതരേയും ഫുട്ബോള്‍ ആരാധകരേയും ഒരുപോലെ ഞെട്ടിച്ചിരിക്കുന്നത്.
ബാലന് ഡി ഓര് പുരസ്കാരത്തിനുള്ള 30 അംഗ താരങ്ങളുടെ പട്ടിക പുറത്തിറക്കിയ ശേഷമാണ് ഫാന്‍ വോട്ട് നടന്നത്. ഫുട്ബോള്‍ ആരാധകരുടെ 79 ശതമാനം വോട്ടുകളും ബാര്‍സയുടെ ലയണല്‍ മെസിയും ലിവര്‍പൂളിന്റെ മുഹമ്മദ് സലാഹും പങ്കിടുകയായിരുന്നു. ഇതില്‍ 31 ശതമാനം വോട്ട് ഈജിപ്ത് താരത്തിന് കിട്ടിയപ്പോള്‍ 48 ശതമാനം വോട്ട് സ്വന്തമാക്കി അര്‍ജന്റീനാ നായകന് മൃഗീയ ഭൂരിപക്ഷത്തോടെ ഒന്നാം സ്ഥാനം സ്വന്തമാക്കി. ഏഴ് ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞടുപ്പില്‍ പട്ടികയിലെ മറ്റു 28 താരങ്ങള്‍ക്ക് പേരിനുപോലും പിന്തുണ ലഭിക്കാതായതോടെയാണ് ബാലന് ഡി ഓറിനായുള്ള ഫാന്‍ വോട്ട് സംവിധാനം അധികൃതര്‍ ഒഴിവാക്കിയത്.
കഴിഞ്ഞ രണ്ടുവര്‍ഷവും പുരസ്കാരം നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് തെരഞ്ഞെടുപ്പില്‍ വെറും എട്ട് ശതമാനം ആരാധക വോട്ടാണ് നേടാനായത്. ഫിഫാ ലോക താരം ലൂക്കാ മോഡ്രിച്ചിനും 2018 ലോകകപ്പ് യുവതാരം കിലിയന്‍ എംബാപ്പേക്കും ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിനും രണ്ട് ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായത്.
ഇത്തവണ ആറ് ഘട്ടങ്ങളായാണ് 30 അംഗ പട്ടിക പ്രസിദ്ധീകരിച്ചത്. 1956ല്‍ തുടങ്ങിയ ബാലന് ഡി ഓര് അവസാന പത്തുവര്‍ഷം മെസിയോ റൊണള്‍ഡോയോ മാത്രമേ നേടിയിട്ടുള്ളു. ഇരുവരും അഞ്ചുതവണ വീതം പുരസ്കാരം സ്വന്തമാക്കി. 2016ലും 17ലും റൊണാള്‍ഡോയ്ക്കായിരുന്നു പുരസ്കാരം. യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയ റയല്‍ മാഡ്രിഡിന്റെ എട്ട് താരങ്ങള്‍ പട്ടികയിലുണ്ട്. പ്രീമിയര്‍ ലീഗില്‍ നിന്ന് പതിനൊന്ന് താരങ്ങള്‍ ഇടംപിടിച്ചു.
Here is the completed 30-man list of the Ballon d’Or nominees. 🏆 pic.twitter.com/jHe80rpqRP
— Soccer Laduma (@Soccer_Laduma) October 8, 2018
നിലവിലെ പുരസ്കാര ജേതാവ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിയോണല്‍ മെസി, ലൂക്ക മോഡ്രിച്ച്, മുഹമ്മദ് സലാ, ഈഡന് ഹസാര്‍ഡ്, ഹാരി കെയ്ന്‍, എന്‍ഗോളോ കാന്റേ, കിലിയന്‍ എംബാപ്പേ, നെയ്മര്‍ ജൂനിയര്‍, അന്റോയ്ന്‍ ഗ്രീസ്മാന്, ഗാരെത് ബെയ്ല്, കെവിന് ഡിബ്രൂയിന്, മാര്‍സലോ, പോള്‍ പോഗ്ബ, ലൂയിസ് സുവാരസ്, ഇവാന് റാക്കിറ്റിച്ച്, തുടങ്ങിയവരൊക്കെയാണ് പട്ടികയിലുള്ളത്.
ഡിസംബര്‍ മൂന്നിന് പാരീസിലാണ് ബാലന് ഡിഓര്‍ ജേതാവിനെ പ്രഖ്യാപിക്കുക. ചരിത്രത്തില്‍ ആദ്യമായി ഇത്തവണ മികച്ച വനിതാ താരത്തിനും ബാലന് ഡി ഓര് നല്‍കുന്നുണ്ട്.