ഫ്രാന്‍സ് വീണു

 

ലണ്ടന്‍: ലോകകപ്പ് യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇന്നലെ മൂന്ന് ഗ്രൂപ്പുകളിലായി ഒമ്പത് മല്‍സരങ്ങള്‍. വീറും വാശിയും പ്രകടമായ മൈതാനങ്ങളില്‍ പിറന്നത് 21 ഗോളുകള്‍. തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത് സ്വീഡന്‍. അവര്‍ യൂറോപ്പിലെ രണ്ടാം സ്ഥാനക്കാരായ ഫ്രാന്‍സിനെ മറിച്ചിട്ടത് 2-1ന്. അട്ടിമറി വിജയം നേടിയത് അന്‍ഡോറ. അവര്‍ കരുത്തരായ ഹംഗറിയെ ഒരു ഗോളിന് വീഴ്ത്തി. വലിയ വിജയം സ്വന്തമാക്കിയത് ഡച്ചുകാര്‍. അവര്‍ ദുര്‍ബലരായ ലക്‌സംബര്‍ഗ്ഗിനെ അഞ്ച് ഗോളിന് വീഴ്ത്തി. സൂപ്പര്‍ പെര്‍ഫോര്‍മന്‍സ് നടത്തിയത് പതിവ് പോലെ കൃസ്റ്റിയാനോ റൊണാള്‍ഡോ- ലാത്‌വിയക്കെതിരെ പോര്‍ച്ചുഗല്‍ നേടിയ മൂന്ന് ഗോളുകളില്‍ രണ്ടും ഈ റയല്‍ താരത്തിന്റെ വകയായിരുന്നു. ചരിത്രത്തിലിടം നേടിയത് ഡച്ചുകാരുടെ വെസ്‌ലി സ്‌നൈഡര്‍ എന്ന മധ്യനിരക്കാരന്‍. ഇന്നലെ മൈതാനത്തിറങ്ങുക വഴി അദ്ദേഹം രാജ്യത്തിനായി ഏറ്റവുമധികം മല്‍സരം കളിക്കുന്ന താരമായി.ഗ്രൂപ്പ് എയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ ആവേശകരമാവുന്നത്. ഇത് വരെ ഫ്രഞ്ചുകാരുടെ ആധിപത്യമായിരുന്നെങ്കില്‍ ഇന്നലെ സ്വന്തമാക്കാനായ വിജയം വഴി സ്വിഡിഷ് ടീം അവര്‍ക്കൊപ്പമെത്തി. ഹോളണ്ടുകാര്‍ വിജയിച്ചതോടെ അവരും പിറകെയുണ്ട്. ഗ്രൂപ്പില്‍ നിന്ന് ആദ്യമെത്തുന്നവര്‍ക്ക് മാത്രമാണ് ഫൈനല്‍ റൗണ്ട് ബെര്‍ത്ത് എന്നിരിക്കെ ഇനി കാര്യങ്ങള്‍ കടുപ്പമേറും. മികച്ച രണ്ടാം സ്ഥാനക്കാരായാലും ലോകകപ്പ് അവസരമുണ്ട്. സ്വിഡിഷ് നഗരമായ സോള്‍നയില്‍ നടന്ന മല്‍സരത്തില്‍ ദിദിയര്‍ ദെഷാംപ്‌സ് പരിശീലിപ്പിക്കുന്ന ഫ്രാന്‍സാണ് ആദ്യം ഗോള്‍ നേടിയത്. ഒലിവര്‍ ജിറോര്‍ഡിന്റെ ഗോളില്‍ മുപ്പത്തിയേഴാം മിനുട്ടില്‍ അവര്‍ മുന്നിലെത്തി. പക്ഷേ ഒന്നാം പകുതി അവസാനിക്കാനിരിക്കെ ജിമ്മി ഡുര്‍മാസ് സ്വിഡിഷുകാരെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയിലായിരുന്നു ആതിഥേയരുടെ വിജയ ഗോള്‍. ഗ്രൂപ്പില്‍ 13 പോയന്റാണ് ഫ്രാന്‍സിനും സ്വിഡനും. ഡച്ചുകാര്‍ക്ക് 10 പോയന്റ്. ബെലാറൂസിനോട് അപ്രതീക്ഷിതമായി തോറ്റെങ്കിലും ബള്‍ഗേറിയ ഒമ്പത് പോയന്റുമായി പിറകിലുണ്ട്.
ഗ്രൂപ്പ് ബിയില്‍ ആറാം മല്‍സരം കളിച്ച സ്വിറ്റ്‌സര്‍ലാന്‍ഡ് ക്ലീന്‍ സ്ലേറ്റുമായി ആറാം വിജയം നേടി റഷ്യന്‍ ടിക്കറ്റ് ഉറപ്പിച്ച മട്ടാണ്. ഫറോ ഐലാന്‍ഡ്‌സിനെ രണ്ട് ഗോളിന് കീഴ്‌പ്പെടുത്തിയത് വഴി ലഭിച്ച മൂന്ന് പോയന്റുള്‍പ്പെടെ അവര്‍ക്കിപ്പോള്‍ 18 വിലപ്പെട്ട പോയന്റുകളായി. രണ്ടാം സ്ഥാനത്തുളള കൃസ്റ്റിയാനോയുടെ പോര്‍ച്ചുഗലിന് 15 പോയന്റുണ്ട്. ഗോളടിക്കാരനായ കൃസ്റ്റിയാനോ ഇന്നലെ സ്വന്തം ബൂട്ട് വക രണ്ട് ഗോളുകള്‍ എതിര്‍വലയില്‍ എത്തിച്ചു. ലാത്‌വിയക്കെതിരെ മൂന്ന് ഗോളിന്റെ ജയം വലിയ ആത്മവിശ്വാസമാണ് നല്‍കുന്നതെന്ന് സൂപ്പര്‍ താരം പറഞ്ഞു. പക്ഷേ കൈയ്യടി നേടിയ ടീം അന്‍ഡോറയാണ്. ഗ്രൂപ്പില്‍ ഇത് വരെ ഒരു ജയമില്ലാതെ നിരാശപ്പെടുത്തിയ ടീം ഇന്നലെ ഹംഗറിക്കാരെയാണ് ഒരു ഗോളിന് വിറപ്പിച്ചത്.
ഗ്രൂപ്പ് എച്ചില്‍ ബെല്‍ജിയം അതിവേഗം മുന്നോട്ട് പോവുകയാണ്. എസ്‌റ്റോണിയക്കെതിരെ നേടിയ അനായാസ വിജയം വഴി ഗ്രൂപ്പിലിപ്പോള്‍ 16 പോയന്റാണ് അവര്‍ക്ക്. ബോസ്‌നിയക്കെതിരായ സമനില ഗ്രീസിന് തിരിച്ചടിയായി. അവര്‍ക്ക് ഒമ്പത് പോയന്റാണ്. മൂന്ന് ഗ്രൂപ്പിലെയും അടുത്ത മല്‍സരം ഓഗസ്റ്റ് 31 നാണ്.

SHARE