കോണ്‍ക്രീറ്റ് ജനല്‍പ്പാളി തലയില്‍ വീണു നാലര വയസുകാരന്‍ മരിച്ചു

കുളത്തുപ്പുഴ: കൊല്ലം കുളത്തുപ്പുഴയില്‍ കളിക്കുന്നതിനിടയില്‍ കോണ്‍ക്രീറ്റ് ജനല്‍പ്പാളി തലയില്‍ വീണ് നാലരവയസുകാരന്‍ മരിച്ചു. മുഹമ്മദ് ഷാന്‍-ജസ്‌ന ദമ്പതികളുടെ മകന്‍ അയാന്‍ ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഇവരുടെ വീടിനു മുന്നിലായിരുന്നു അപകടം സംഭവിച്ചത്.

മുഹമ്മദ് ഷാനും കുടുംബവും കെട്ടിടനിര്‍മാണത്തിനുള്ള കട്ടിളയും ജനലുകളും മറ്റും കോണ്‍ക്രീറ്റില്‍ നിര്‍മിച്ച് വില്‍പ്പന നടത്തുന്ന സ്ഥാപനം വീടിനോടു ചേര്‍ന്നുതന്നെ നടത്തിവരുന്നുണ്ട്. സമീപത്തായി ചാരിവെച്ചിരുന്ന ജനല്‍പ്പാളിയില്‍ പിടിച്ചുകളിക്കുന്നതിനിടെ ഭാരമേറിയ ജനല്‍ അയാന്റെ മുകളിലേക്ക് വന്ന് പതിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അയാനെ ഉടന്‍ തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വ്യാഴാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കുളത്തൂപ്പുഴ സ്‌റ്റെല്ല മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയാണ്. സഹോദരന്‍: അബിന്‍ഷാ.

SHARE