ഒരു കുടുംബത്തിലെ നാലു പേര്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

അലഹാബാദ്: ഉത്തര്‍പ്രദേശിലെ അലഹാബാദില്‍ അഞ്ചുവയസ്സുകാരന്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബിഗാഹിയ മാധവ്‌നഗറിലെ താമസക്കാരായ കമലേഷ് ദേവി (52), മരുമകന്‍ പ്രതാപ് നാരായണ്‍ (35), മകള്‍ കിരണ്‍ (32), ചെറുമകന്‍ വിരാട് എന്നിവരാണ് കൊല്ലപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. നാലുപേരുടെയും കഴുത്തറുത്ത നിലയിലായിരുന്നു. ഒരു മാസം പ്രായമുള്ള കുട്ടി രക്ഷപെട്ടിട്ടുണ്ട്.ഫോറന്‍സിക് ടീമും പൊലീസ് നായയും സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

കമലേഷ് ദേവിയുടെ ഭര്‍ത്താവ് വിമല്‍ ചന്ദ്ര മൂന്ന് വര്‍ഷം മുന്‍പ് മരണപ്പെട്ടു. പതിനഞ്ചു വര്‍ഷമായി മകനെ കാണാനില്ലെന്നും പൊലീസ് പറയുന്നു. കമലേഷിന്റെ മകള്‍, മരുമകന്‍, കൊച്ചുമകന്‍ എന്നിവരാണ് അവരോടൊപ്പം ഉണ്ടായിരുന്നത്. വീടിന് സമീപം താമസിക്കുന്ന ഭര്‍തൃസഹോദരന്‍ പ്രകാശ് ചന്ദ്ര, രാവിലെ മുതല്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടതായി പറയുന്നുണ്ട്. അവര്‍ വീടിനുള്ളില്‍ കയറി നോക്കിയപ്പോഴാണ് കുടുംബം കൊല്ലപ്പെട്ടതായി മനസ്സിലാവുന്നത്. അയല്‍ക്കാരാണ് മരണവിവരം പൊലീസിനെ അറിയിച്ചത്. പുലര്‍ച്ചെ 1.30 വരെ പ്രദേശത്ത് പൊലീസ് പട്രോളിങ്ങുണ്ടായിരുന്നെന്നും സംശയാസ്പദമായ സംഭവങ്ങളില്ലായിരുന്നെന്നും സീനിയര്‍ സൂപ്രണ്ട് നിതിന്‍ തിവാരി പറഞ്ഞു.