കൊളംബോ: 2011 ലോകകപ്പിന്റെ ഫൈനല്‍ മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് വില്‍ക്കുകയായിരുന്നുവെന്ന ആരോപണവുമായി ശ്രീലങ്കയുടെ മുന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജ. 2010 മുതല്‍ 2015 വരെ ശ്രീലങ്കന്‍ കായിക മന്ത്രിയായിരുന്ന ഇദ്ദേഹം നിലവില്‍ രാജ്യത്തെ ഊര്‍ജ മന്ത്രിയാണ്.
”2011ലെ ലോകകപ്പ് ഫൈനല്‍ നമ്മള് വിറ്റതാണ്. കായിക മന്ത്രിയായിരുന്നപ്പോഴും ഞാന്‍ ഇങ്ങനെ തന്നെയാണ് വിശ്വസിച്ചിരുന്നത്. 2011ല്‍ നമ്മളായിരുന്നു ജയിക്കേണ്ടിയിരുന്നത്. എന്നാല്‍ ആ മത്സരം നമ്മള് വിറ്റു. കളിക്കാരെ ഞാന്‍ ഇതിലേക്ക് കൂട്ടിച്ചേര്‍ക്കുന്നില്ല. എങ്കിലും ചില ഗ്രൂപ്പുകള്‍ ഇതില്‍ പങ്കാളികളാണ്”, അലുത്ഗാമേജ ശ്രീലങ്കന്‍ മാധ്യമമായ സിരാസ ടിവിയോട് പറഞ്ഞു. അതേസമയം തത്കാലം ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങളൊന്നും പുറത്തുവിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ 1996ല്‍ ലങ്കക്ക് ലോക കിരീടം നേടിക്കൊടുത്ത നായകന് അര്‍ജുന രണതുംഗയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ഫൈനല്‍ നടക്കുമ്പോള്‍ കമന്റേറ്ററായി രംണതുംഗ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഫീല്‍ഡിങ് പിഴവുകളും ക്യാച്ചുകള്‍ കൈവിട്ടുമുള്ള ശ്രീലങ്കന്‍ താരങ്ങളുടെ പ്രകടനം സംശയാസ്പദമായിരുന്നുവെന്നും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.2011ല്‍ എം.എസ് ധോനിയുടെ നേതൃത്വത്തിലാണ് ഇന്ത്യ രണ്ടാം ലോകകിരീടത്തില്‍ മുത്തമിട്ടത്.