നോട്ട്‌നിരോധന പൊള്ളതരങ്ങള്‍ പൊളിക്കാന്‍ എ.എ.പി ടിക്കറ്റില്‍ മുന്‍ റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ രഘുറാംരാജന്‍ രാജ്യസഭയിലേക്ക്: ബി.ജെ.പിക്ക് തലവേദന

നോട്ട് നിരോധനത്തിന്റെ പൊള്ളത്തരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ മുന്‍ റിസര്‍വ്വ് ബാങ്ക് ഗവണര്‍ രഘുറാം രാജനെ രാജ്യസഭയിലെത്തിക്കാന്‍ ആം ആദ്മി പാര്‍ട്ടിയുടെ നീക്കം. രാജ്യസഭാ സീറ്റില്‍ പൊതുസമ്മതനായ നേതാവിനെ മത്സരപ്പിക്കാമെന്ന തെരച്ചിലിനൊടുവിലാണ് രഘുറാം രാജനെ എ.എ.പി കണ്ടെത്തിയത്. തങ്ങളുടെ ആഗ്രഹം പാര്‍ട്ടി രഘുറാം രാജനെ അറിയിച്ചിട്ടുണ്ട്. അതേസമയം രഘുറാം രാജനും ഇക്കാര്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അതേസമയം മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രാജ്യസഭയിലെത്തിയാല്‍ അത് പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും അത് വലിയ തലവേദനയാകും.

നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് മോദിയും കേന്ദ്ര സര്‍ക്കാരും നടത്തുന്ന പൊള്ളത്തരങ്ങള്‍ ഈ വിഷയത്തില്‍ വിദഗ്ധനായ രഘുറാം രാജനെ ഉപയോഗിച്ച് പുറത്തുകൊണ്ടുവരാം എന്ന പ്രതീക്ഷയിലാണ് എ.എ.പി നേതൃത്വം. 2016 സെപ്തംബര്‍ നാലിനാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഥാനത്തുനിന്ന് രഘുറാം രാജനെ മാറ്റി പകരം മുന്‍ റിലയന്‍സ് ഇന്റസ്ട്രീസ് ബിസിനസ് ഡവലപ്‌മെന്റ് മേധാവിയായ ഉര്‍ജിദ് പട്ടേലിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്നത്.

ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ജനുവരി 16നാണ് തെരഞ്ഞെടുപ്പ്. എഴുപതംഗ ഡല്‍ഹി നിയമസഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ള എ.എ.പിക്ക് മൂന്നു സീറ്റിലേക്കും സ്വന്തം സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചെടുക്കാനുള്ള ശേഷിയുണ്ട്.