വീണ്ടും ലൈംഗിക ആരോപണം; ട്രംപിനെ കുരുക്കിലാക്കി പ്ലേ ബോയ് മോഡല്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ലൈംഗിക ആരോപണം. പ്ലേ ബോയ് മാസികയുടെ മുന്‍ മോഡല്‍ കരണ്‍ മക്‌ഡോഗല്‍ ആണ് പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 2006ല്‍ ട്രംപുമായി ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് മക്‌ഡോഗല്‍ പറയുന്നു.

ട്രംപിന്റെ ഭാര്യ മെലാനിയ ഇളയപുത്രന് ജന്മനം നല്‍കിയതിനുശേഷമാണ് താനുമായുള്ള ബന്ധം തുടങ്ങിയതെന്ന് അവര്‍ വെളിപ്പെടുത്തി. ഭാര്യ അറിയാതെ താനുമായി അവിഹിത ബന്ധം പുലര്‍ത്താനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. 2006ല്‍ ലോസ് ആഞ്ചല്‍സിലെ ഒരു പാര്‍ട്ടിയില്‍ വെച്ചാണ് താന്‍ ട്രംപിനെ ആദ്യമായി കണ്ടത്.

പ്ലേബോയ് സംഘടിപ്പിച്ച പാര്‍ട്ടിയില്‍വെച്ച് കണ്ടപ്പോള്‍ തന്നെ അദ്ദേഹം തന്നോട് അടുപ്പം കാട്ടി. ലൈംഗിക ചുവയോടെ സംസാരിച്ച ട്രംപ് തന്നെ അദ്ദേഹത്തിന്റെ സ്വകാര്യ ബംഗ്ലാവിലേക്ക് ക്ഷണിച്ചു. ആ ബന്ധം ഒമ്പതു മാസം തുടര്‍ന്നു. തന്റെ അമ്മയെക്കുറിച്ച് മോശമായി സംസാരിച്ചതിനെ തുടര്‍ന്നാണ് ട്രംപുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്ന് മക്‌ഡോഗല്‍ വ്യക്തമാക്കി.

ആഫ്രിക്കന്‍ വംശജരെ അധിക്ഷേപിച്ചതും അദ്ദേഹവുമായി അകലാന്‍ കാരണമായെന്ന് മക്‌ഡോഗല്‍ ചൂണ്ടിക്കാട്ടുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് മത്സരിക്കാന്‍ തീരുമാനിച്ചതോടെ അവിഹിതബന്ധം പുറത്തുപറയാതിരിക്കാന്‍ അദ്ദേഹത്തിന്റെ അനുയായികള്‍ മോഡലിന് പണം നല്‍കി. പോണ്‍ സ്റ്റാര്‍ സ്‌റ്റോമി ഡാനയല്‍സിന് പണം നല്‍കിയ വിവാദം കത്തിനില്‍ക്കെയാണ് മക്‌ഡോഗലിന്റെ പുതിയ വെളിപ്പെടുത്തല്‍. ആരോപണത്തോട് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയാറായിട്ടില്ല.