വി.എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പി.എ സുരേഷ്

പാലക്കാട്: ഭരണപക്ഷ കമ്മീഷന്‍ ചെയര്‍മാനും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദനെ വിമര്‍ശിച്ച് അദ്ദേഹത്തിന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് എ.സുരേഷ്. ഒപ്പം നിന്നവരെ വി.എസ് സംരക്ഷിച്ചില്ലെന്ന് സുരേഷ് കുറ്റപ്പെടുത്തി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട തന്നെ പാര്‍ട്ടി അംഗത്വത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിന് വി.എസ് ഒന്നും ചെയ്തില്ല. വി.എസിന്റെ പി.എ എന്ന നിലയില്‍ ഒരു ജോലിയായിരുന്നില്ല താന്‍ ചെയ്തത്. വ്യക്തിപരമായ കാര്യങ്ങള്‍ പോലും മാറ്റിവെച്ചാണ് താന്‍ വി.എസിനൊപ്പം നിന്നതെന്ന് സുരേഷ് കുറ്റപ്പെടുത്തി. മറ്റു പാര്‍ട്ടിക്കാര്‍ വരെ തഴഞ്ഞ ആളുകളെ സിപിഎം കൂടെ നിര്‍ത്തി. ഇത് പാര്‍ട്ടിക്ക് സംഭവിച്ച നയവ്യതിയാനത്തിന്റെ പ്രതിഫലനമാണ്. പാര്‍ട്ടിക്ക് അപ്പീല്‍ നല്‍കിയിട്ടുണ്ടെങ്കിലും തന്നെ തിരിച്ചെടുക്കാന്‍ ഇതുവരെയും നടപടിയുണ്ടായില്ലെന്ന് സുരേഷ് ആരോപിച്ചു.
13 വര്‍ഷത്തോളം വി.എസിന്റെ സന്തത സഹചാരിയായിരുന്നു എ.സുരേഷ്. വാര്‍ത്ത ചോര്‍ത്തല്‍ കുറ്റം ആരോപിച്ച് 2013 മെയിലാണ് സുരേഷ് ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

SHARE