തായ്‌ലന്‍ഡ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനം; കുട്ടികളെ രക്ഷിക്കുന്നതിനിടെ മുങ്ങല്‍ വിദഗ്ദന്‍ മരിച്ചു

ബാങ്കോക്ക്: വടക്കന്‍ തായ്‌ലന്‍ഡിലെ ലുവാങ് നാങ് നോണ്‍ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ താരങ്ങളായ കുട്ടികളെയും പരിശീലകനെയും രക്ഷിക്കാനുളള ശ്രമത്തിനിടെ ഒരു രക്ഷാപ്രവര്‍ത്തകന്‍ മരിച്ചു. മുന്‍ നാവികസേന മുങ്ങല്‍ വിദഗ്ദന്‍ സമണ്‍ കുനന്‍ (38) ആണ് മരിച്ചത്.

വ്യാഴാഴ്ച്ച രാത്രിയോടെ ഗുഹയില്‍ എയര്‍ടാങ്ക് സ്ഥാപിക്കുന്നതിനിടെ ഓക്‌സിജന്‍ കിട്ടാതാവുകയായിരുന്നു. രാത്രി 8.30ഓടെയാണ് സംഭവം. പിന്നീട് ബോധം പോയ ഇദ്ദേഹം മരണപ്പെടുകയായിരുന്നു. മറ്റ് രക്ഷാപ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ ഗുഹക്ക് പുറത്തെത്തിച്ചു. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഗുഹക്കുള്ളിലെത്തിച്ച ഫോണ്‍ വെള്ളത്തില്‍ നഷ്ടമായതാണ് ആദ്യ തിരിച്ചടിയായത്. പിന്നാലെ ഓക്‌സിജന്‍ ക്ഷാമം സംബന്ധിച്ച റിപ്പോര്‍ട്ട് വന്നു. തുടര്‍ന്നു ഗുഹയിലേക്ക് ഓക്‌സിജന്‍ പമ്പ് ചെയ്തു തുടങ്ങി. മഴ കനത്തതോടെ കുട്ടികളെ പട്ടായ ബീച്ച് എന്നറിയപ്പെടുന്ന മേഖലയില്‍നിന്നു 600 അടി അകലെ കൂടുതല്‍ സുരക്ഷിതമായ മേഖലയിലേക്കു മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

ഏറെ വൈകാതെ കടുത്ത മഴയുണ്ടാകുമെന്ന പ്രവചനവുമുണ്ട്. വീണ്ടും മഴ ശക്തമാകും മുമ്പ് ഗുഹയില്‍നിന്ന് കുട്ടികളെ രക്ഷിക്കാനാണു ശ്രമം. ഇതിനായി ഗുഹയില്‍നിന്ന് പരമാവധി വെള്ളം പമ്പ് ചെയ്തു കളയുന്നുണ്ട്. കുട്ടികളുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ സമയത്തോടുള്ള പോരാട്ടത്തിലാണു തങ്ങളെന്നു രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

SHARE