ദേശീയ രാഷ്ട്രീയത്തിലും കരുത്തുകാട്ടി ഉമ്മന്‍ചാണ്ടി; കിരണ്‍കുമാര്‍ റെഡ്ഡി കോണ്‍ഗ്രസിലേക്ക്

ഹൈദരാബാദ്: ആന്ധ്രാ രാഷ്ട്രീയത്തില്‍ ശക്തിതെളിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ആന്ധ്രാപ്രദേശ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച് ഒരുമാസത്തിനകം തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് മുന്‍കേരള മുഖ്യമന്ത്രികൂടിയായ ഉമ്മന്‍ചാണ്ടി. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് വിട്ട ആന്ധ്രാ മുന്‍മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയുമായി ഉമ്മന്‍ ചാണ്ടി ഇതിനോടകം ചര്‍ച്ച നടത്തിക്കഴിഞ്ഞു. ചര്‍ച്ച വിജയകരമാണെന്നും കിരണ്‍കുമാര്‍ റെഡ്ഡി കോണ്‍ഗ്രസിലേക്ക് മടങ്ങിവരാന്‍ തയ്യാറാണെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

2011 ജൂണിലാണ് റെഡ്ഡി ആന്ധ്രാ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന രൂപീകരിച്ചതില്‍ പ്രതിഷേധിച്ച് റെഡ്ഡി, 2014-ല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് കോണ്‍ഗ്രസ് വിടുകയായിരുന്നു. പിന്നീട് ജയ് സമൈക്യാന്ധ്ര എന്ന പാര്‍ട്ടി രൂപികരിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും തോല്‍വിയായിരുന്നു ഫലം. സംസ്ഥാനത്തെ മുതിര്‍ന്ന നേതാവിനെ തിരികെ പാര്‍ട്ടിയില്‍ എത്തിക്കുന്നതോടെ പാര്‍ട്ടി കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം.

ആന്ധ്ര എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ചുമതലയേറ്റ ഉമ്മന്‍ചാണ്ടി, പാര്‍ട്ടി വിട്ട നേതാക്കളെ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുമെന്നു വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കിരണ്‍കുമാര്‍ റെഡ്ഡി അടക്കമുള്ള ചര്‍ച്ചയും നടത്തിയിരുന്നു. ആന്ധ്രയിലെ പ്രമുഖ പാര്‍ട്ടികളായ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനോടും തെലുങ്ക് ദേശം പാര്‍ട്ടിയോടും സഖ്യസാധ്യതകള്‍ തേടി ഉമ്മന്‍ചാണ്ടി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്നും സൂചനയുണ്ട്. കേരളാ രാഷ്ട്രീയത്തില്‍ കഴിവു തെളീയിച്ച ഉമന്‍ചാണ്ടി ദേശീയ രാഷ്ട്രീയത്തിലും എതിരാളികളെ പിന്നിലാക്കി ബഹുദൂരം പിന്നിലാക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്.