കൊച്ചി: പീഡനക്കേസില്‍ നേരിട്ട് ഹാജരാകാന്‍ വിചാരണക്കാടതി ആവര്‍ത്തിച്ചു നിര്‍ദേശിച്ചിട്ടും ഹാജരാകാത്ത പശ്ചാത്തലത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കമണണെന്ന് ആവശ്യം. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഹൈക്കോടതിയ്ക്ക് ബോംബെ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായ മൈക്കിള്‍ സാല്‍ഡാന തുറന്ന കത്തയച്ചത്.
നേരിട്ട് ഹാജരാകാന്‍ 13 തവണ കോടതി നിര്‍ദേശിച്ചിട്ടും ഹാജരാകാന്‍ വിസമ്മതിച്ച ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജൂലൈ 13നാണ് ഇനി കേസ് പരിഗണിക്കുന്നത്. അന്നും ഫ്രാങ്കോ കോടതിയിലെത്തിയില്ലെങ്കില്‍ ബിഷപ്പിന്റെ ജാമ്യം റദ്ദാക്കിയേക്കുമെന്നും അറസ്റ്റുണ്ടായേക്കുമെന്നുമാണ് മുന്നറിയിപ്പ്. ഇതിനിടയിലാണ് റിട്ട. ജസ്റ്റിസ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് തുറന്ന കത്തയയ്ക്കുന്നത്.
നിര്‍ഭയ കേസിനു ശേഷം പീഡനക്കേസുകളിൽ കോടതികള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശക്തമായി ഇടപെടുന്നുണ്ടെന്നും ഫ്രാങ്കോ കേസിൽ ഇരയായ കന്യാസ്ത്രീയ്ക്കും സാക്ഷികള്‍ക്കും കോടതി ഇടപെട്ട് പൂര്‍ണസംരക്ഷണം ഒരുക്കണമെന്നും ജസ്റ്റിസ് സാൽഡാന ആവശ്യപ്പെട്ടതായി ഗോവ ക്രോണിക്കല്‍ റിപ്പോര്‍ട്ട് ചെയ്തു. ബിഷപ്പ് ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കി അടിയന്തരമായി അറസ്റ്റ് ചെയ്യുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
44 കാരിയായ കന്യാസ്ത്രീയെ കുറവിലങ്ങാട്ടെ മഠത്തിൽ വെച്ച് പലപ്പോഴായി ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കേസ്. കഴിഞ്ഞ വര്‍ഷമാണ് ബിഷപ്പിന് കോടതി ജാമ്യം അനുവദിച്ചത്.