ഡിയു മുന്‍ പ്രഫസര്‍ എസ്.എ.ആര്‍. ഗീലാനി അന്തരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റി മുന്‍ പ്രഫസറും ആക്റ്റിവിസ്റ്റുമായ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഗീലാനി അന്തരിച്ചു. ഡല്‍ഹി ഫോര്‍ട്ടിസ് ആസ്പത്രിയില്‍ വെച്ച് വ്യാഴാഴ്ച വൈകീട്ടോടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹം ഇന്നു തന്നെ കശ്മീരിലേക്ക് കൊണ്ടുപോവും.

2001ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ അറസ്റ്റിലാവുകയും പ്രത്യേക കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്‌തെങ്കിലും പിന്നീട് വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ സുപ്രീംകോടതി വെറുതെ വിടുകയും ചെയ്ത ആളാണ് ഗീലാനി. തെളിവുശേഖരണാര്‍ത്ഥം അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ഗീലാനിയെ പിന്നീട് പ്രതിചേര്‍ക്കുകയും അഫ്‌സല്‍ ഗുരു അടക്കമുള്ളവര്‍ക്കൊപ്പം വധശിക്ഷക്ക് വിധിക്കുകയുമായിരുന്നു. ജയില്‍മോചിതനായ ഗീലാലി വിചാരണ തടവുകാരുടെ മോചനമടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പലതവണ ഹിന്ദുത്വവാദികളുടെ ആക്രമണത്തിന് ഇരയായ ഗീലാനി, 2008ല്‍ ഡല്‍ഹിയില്‍വെച്ച് അജ്ഞാതരുടെ വെടിയേറ്റ് ഗീലാനി ഗുരുതരാവസ്ഥയിലായിരുന്നു. പിന്നീട് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ 2016ല്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് എസ്.എ.ആര്‍ ഗീലാനിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിരുന്നു.

ഡല്‍ഹി സര്‍വകലാശാലയിലെ സാക്കിര്‍ ഹുസൈന്‍ കോളജില്‍ അറബി ഭാഷ അധ്യാപകനായിരുന്ന ഗീലാനിക്ക് ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്. കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ് (സി.ആര്‍.പി.പി) എന്ന സംഘടനയുടെ അധ്യക്ഷനായിരുന്നു.

SHARE