പീഡനക്കേസില്‍ പുറത്താക്കിയ മുന്‍ സി.പി.എം എം.എല്‍.എ ബി.ജെ.പിയിലേക്ക്‌

അഗര്‍ത്തല: പീഡനക്കസില്‍ പുറത്താക്കിയ മുന്‍ സി.പി.എം എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. ത്രിപുരയിലെ മുന്‍ സി.പി.എം എം.എല്‍.എയായിരുന്ന മനോരഞ്ജന്‍ ആചാര്യയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബിര്‍ഗഞ്ജിലെ എം.എല്‍.എയായിരുന്നു ആചാര്യ.

2015-ലാണ് പീഡനക്കേസില്‍ പെട്ട ആചാര്യയെ സി.പി.എം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നതായിരുന്നു ആചാര്യക്കെതിരെയുള്ള കേസ്. ഇതിനെ തുടര്‍ന്ന് എം.എല്‍.എ സ്ഥാനവും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. കേസില്‍ തിങ്കളാഴ്ച്ച ഉദയ്പൂര്‍ പ്രത്യേക കോടതി മനോരഞ്ജന്‍ ആചാര്യയെ കുറ്റവിമുക്തനാക്കി ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്.

അതേസമയം, പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ തനിക്കുനേരെ ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും വ്യാജ ആരോപണമായിരുന്നു തനിക്കെതിരെയെന്നും ആചാര്യ പറഞ്ഞു.