തെരഞ്ഞെടുപ്പിന് മുമ്പ് അസമില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി; മുന്‍ ബി.ജെ.പി എം.പി കോണ്‍ഗ്രസില്‍ ചേര്‍ന്നു

രാജ്യത്ത് അവസാനമായി നടന്ന നാല് നിയമസഭ തിരഞ്ഞെടുപ്പിലെയും തിരിച്ചടിക്ക് പിന്നാലെ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കുന്ന വാര്‍ത്തയാണ് അസമില്‍ നിന്ന് പുറത്ത് വരുന്നത്. മിഷന്‍ 100 പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ സജീവമാക്കിയ ബി.ജെ.പിക്ക് എന്നാല്‍ തുടക്കം മുതല്‍ തന്നെ കനത്ത തിരിച്ചടി നല്‍കി കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ് മുന്‍ ബി.ജെ.പി എംപി. തെസ്പൂര്‍ ലോക്‌സഭ എംപിയായിരുന്നു രാം പ്രസാദ് ശര്‍മ്മ.

മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി, കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ശര്‍മ്മയുടെ കോണ്‍ഗ്രസ് പ്രവേശം. രൂക്ഷ വിമര്‍ശനമാണ് ശര്‍മ്മ ബിജെപിക്കെതിരെ ഉയര്‍ത്തിയത്.
ബിഹാര്‍, ബംഗാള്‍, കേരളം, അസം, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

പൗരത്വനിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് അസമില്‍ ബിജെപിക്കെതിരെ ഉയര്‍ന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ എന്‍.ആര്‍.സി ഇതിനോടകം അസമില്‍ നടപ്പാക്കിയിട്ടുണ്ട്. 19 ലക്ഷം പേരാണ് പട്ടികയില്‍ ഇടംപിടിക്കാതെ പോയത്. ഈ സാഹചര്യത്തില്‍ ഇക്കുറി ബിജെപിക്ക് അസം എളുപ്പമാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്‌

SHARE