മോദി സര്‍ക്കാറിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി മുന്‍ ബി.ജെ.പി നേതാക്കള്‍

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ബി.ജെ.പി നേതാക്കള്‍ രംഗത്ത്. മുതിര്‍ന്ന ബി.ജെ.പി നേതാക്കളായിരുന്ന യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവരാണ് മോദിക്കെതിരെ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ റാഫാല്‍ ഇടപാടില്‍ മോദി രാജ്യത്തെ വഞ്ചിച്ചെന്നും മോദി ക്രിമിനല്‍ കുറ്റവിചാരണ നേരിടണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ വിമര്‍ശനങ്ങളുമായി ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്. മുംബൈയില്‍ ‘ജനാധിപത്യം സംരക്ഷിക്കുക-ഭരണഘടന സംരക്ഷിക്കുക’ എന്ന പ്രമേയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍.

രാജ്യത്ത് നടക്കുന്നത് നരേന്ദ്ര മോദിയുടെ ഏകാധിപത്യ ഭരണമാണെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. മന്ത്രിസഭയുടേതെന്ന് പറഞ്ഞ് പുറത്തു വരുന്ന എല്ലാ തീരുമാനങ്ങളും മോദിയുടെ തീരുമാനങ്ങളാണ്. മന്ത്രിമാരെല്ലാം വെറും പാവകളാണ്. കശ്മീരില്‍ പി.ഡി.പിയുമായി സഖ്യമുണ്ടാക്കുന്ന കാര്യം ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായി ആലോചിച്ചിരുന്നില്ല. അതുപോലെ ധനകാര്യമന്ത്രി അറിയാതെയാണ് രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയതെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.

രാജ്യത്ത് ഭരണഘടനയും ജനാധിപത്യവും അപകടത്തിലാണെന്ന് അരുണ്‍ ഷൂരി പറഞ്ഞു. മോദി ഭരണത്തില്‍ 72 ആള്‍ക്കൂട്ട കൊലപാതകങ്ങളാണ് നടന്നത്. സൊഹറാബുദ്ദിന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 54 സാക്ഷികളാണ് കൂറുമാറിയത്. ഇതിനായി സി.ബി.ഐയെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. രാജ്യത്ത് മാധ്യമങ്ങള്‍ ഭീതിയിലാണ്. തങ്ങളുടെ പരസ്യങ്ങള്‍ തടയപ്പെടുമോ എന്ന ഭയത്താല്‍ മാധ്യമങ്ങള്‍ നിശബ്ദരാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

താന്‍ പാര്‍ട്ടി വിട്ടതല്ലെന്നും അവര്‍ തന്നെ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. എന്തിനാണ് പാര്‍ട്ടിയില്‍ നിന്നുകൊണ്ട് പാര്‍ട്ടിയെ വിമര്‍ശിച്ചതെന്നാണ് ചിലര്‍ ചോദിക്കുന്നത്. ഞാന്‍ പ്രഥമ പരിഗണന നല്‍കുന്നത് രാജ്യത്തിനും രാജ്യത്തെ ജനങ്ങള്‍ക്കുമാണ്. അതുകൊണ്ടാണ് പാര്‍ട്ടിയുടെ നയങ്ങളെ വിമര്‍ശിക്കേണ്ടി വന്നത്. നോട്ട് നിരോധനത്തിന്റെ ആഘാതത്തില്‍ നിന്ന് രാജ്യം ഇതുവരെ മുക്തരായിട്ടില്ല. നോട്ട് നിരോധനത്തിന്റെ ആഘാതത്തിലുള്ള ജനങ്ങള്‍ക്ക് ഏറ്റ ഇരട്ട പ്രഹരമായാണ് ജി.എസ്.ടി അടിച്ചല്‍പ്പിച്ചത്. ഇതൊന്നും കാബിനറ്റ് തീരുമാനമായിരുന്നില്ല. മോദിയുടെ മാത്രം തീരുമാനമായിരുന്നു- ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.

എന്‍.സി.പി നേതാവ് മജീദ് മേമന്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേശ് ത്രിവേദി, ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിങ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.