ഫോര്‍മാലിന്‍ ഭീഷണിയില്‍ സ്തംഭിച്ച് മത്സ്യവിപണി

തിരുവനന്തപുരം: ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യങ്ങള്‍ പിടിച്ചെടുത്തതോടെ സംസ്ഥാനത്തെ മത്സ്യവിപണി സ്തംഭിച്ചു. കഴിഞ്ഞ ദിവസവും ഇന്നലെയും മത്സ്യവ്യാപാരത്തില്‍ അന്‍പത് ശതമാനത്തോളം കുറവുണ്ടായതായി മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പരമ്പരാഗത വള്ളങ്ങളില്‍ പിടിക്കുന്ന മീനിന് രണ്ടിരട്ടി വരെ വില കുറഞ്ഞു. കേരളത്തില്‍ നിന്ന് പിടിക്കുന്ന മീനിന് ഗുണനിലവാരമുണ്ടെന്ന് ഇവിടുത്തെ മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലുള്‍പെടെ മീന്‍ വില ഗണ്യമായി കുറഞ്ഞു. വലിയ മീനുകളിലാണ് ഫോര്‍മാലിന്‍ കലര്‍ത്തി അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നതെന്നും കേരളത്തില്‍ പിടിക്കുന്ന ചാള, നത്തോലി പോലുള്ളവ ഭയപ്പെടാതെ കഴിക്കാമെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ വില കുറഞ്ഞതാണ് ഇവരെ അസ്വസ്ഥരാക്കുന്നത്. ട്രോളിംഗ് നിരോധത്തെ തുടര്‍ന്ന് പൊതുവേ മാന്ദ്യത്തിലായ മത്സ്യവിപണിയില്‍ ഫോര്‍മാലിന്‍ ഭീഷണി കൂടിയെത്തിയതോടെ ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ജീവിതമാണ് വഴിമുട്ടുന്നത്. ട്രോളിംഗ് നിരോധന കാലത്ത് പൊതുവേ തീരം വറുതിയിലാണ്. അതിനൊപ്പം കാലാവസ്ഥ മാറ്റം കാരണമുണ്ടായ ദുരിതങ്ങള്‍. ഇത്തരത്തില്‍ കഷ്ടതയനുഭവിക്കുമ്പോഴാണ് ഫോര്‍മാലിന്‍ ഇവരുടെ ജീവിതം താറുമാറാക്കുന്നത്.

കിളിമീന്‍ അഞ്ച് ദിവസം മുന്‍പ് വിറ്റത് കിലോക്ക് 370 രൂപക്കായിരുന്നു. ഇപ്പോഴത് 160 ല്‍ താഴെയായി. ചൂരയ്ക്ക് 400 ല്‍ നിന്ന് 200 ആയി. ഉലുവാച്ചിക്ക് 650ല്‍ നിന്ന് 375 രൂപ. വങ്കട 130 രൂപ. ട്രോളിങ് നിരോധനത്തെ തുടര്‍ന്ന് ഹാര്‍ബറില്‍ നിന്ന് രാവിലെ പോയി വൈകിട്ട് വരുന്നതാണ് മിക്ക വള്ളങ്ങളും. വള്ളങ്ങളില്‍ കൊണ്ടുവരുന്ന മീന്‍, വലയില്‍ നിന്ന് എടുത്തയുടന്‍ വില്‍ക്കുകയാണ് പതിവ്. എന്നാല്‍ ഫോര്‍മാലിന്‍ ഭീഷണി കാരണം നേരത്തെ കിട്ടിയിരുന്ന വിലയുടെ പകുതി മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്.

അതേസമയം രോഗ പ്രതിരോധശേഷിയെ ഗുരുതരമായി ബാധിക്കുന്ന ആന്റിബയോട്ടിക് ചെമ്മീന്‍ കേരളത്തിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. വേഗത്തില്‍ വളര്‍ച്ചയെത്തിക്കാനാണ് ഇതരസംസ്ഥാനങ്ങളില്‍ വന്‍തോതില്‍ ആന്റിബയോട്ടിക് മരുന്നുകള്‍ ഉപയോഗിച്ചു ചെമ്മീന്‍ വളര്‍ത്തുന്നത്. ഇത് വിദേശത്തേക്ക് അയക്കാന്‍ കഴിയാത്തതിനാല്‍ ഇവയുടെ വലിയ പങ്കും ഇപ്പോള്‍ കേരളത്തിലേക്കാണ് എത്തുന്നത്.ഡോക്ടറുടെ ഉപദേശപ്രകാരമല്ലാതെ ഒരു ആന്റിബയോട്ടിക്കും കഴിക്കരുതെന്ന് ആരോഗ്യവിദഗ്ധര്‍ നര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ കഴിക്കുന്ന മീനിലൂടെ ഒരു ക്രമവും നിയന്ത്രണവുമില്ലാതെ ഈ മരുന്നുകള്‍ ഉള്ളിലേക്ക് എത്തുന്നു. ക്ലോറാംഫെനിക്കോള്‍, നൈട്രോഫ്യുറാന്‍, ടെട്രാസൈക്ലിന്‍ എന്നിങ്ങനെ ഇരുപതോളം ഇനത്തില്‍പെട്ട ആന്റിബയോട്ടിക്കുകള്‍ കൊടുത്തു വളര്‍ത്തി വലുതാക്കിയ ചെമ്മീനുകളാണ് ഇപ്പോള്‍ അതിര്‍ത്തികടന്ന് എത്തുന്നത്.

കേരളത്തിലേക്കുള്ള ചെമ്മീന്റെ വലിയ പങ്കും ഇപ്പോള്‍ എത്തുന്നത് ആന്ധ്രയില്‍നിന്നാണ്. ആന്റിബയോട്ടിക് സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ വിദേശ കയറ്റുമതിക്ക് അനുമതി ലഭിക്കില്ല. മത്സ്യ കൃഷിയില്‍ ആന്റിബയോട്ടിക്കുകള്‍ പാടില്ലെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അതോറിറ്റിയുടെ കര്‍ശന നിര്‍ദേശമുണ്ട്. ഹോര്‍മോണ്‍ ഇറച്ചിക്കോഴികള്‍ക്കു പുറമെയാണ് ആന്റിബയോട്ടിക് ചെമ്മീനുകളും നമ്മുടെ തീന്‍മേശകളില്‍ വിഷം നിറക്കുന്നത്.

SHARE