നിപ ; വിദേശ നിര്‍മ്മിത മരുന്നുകള്‍ ഇന്നെത്തും

നിപ ബാധിച്ച് ചികിത്സയിലുള്ള യുവാവിന് ഇന്ന് മുതല്‍ വിദേശ നിര്‍മ്മിത മരുന്നുകള്‍ നല്‍കി തുടങ്ങും. ഓസ്‌ട്രേലിയയിലും അമേരിക്കയിലും നിര്‍മ്മിച്ച പുതിയ മരുന്നുകളാണ് ചികിത്സയുടെ ഭാഗമായി ഇന്ന് കൊച്ചിയില്‍ എത്തുന്നത്.
നിപ ബാധ സ്ഥിരീകരിച്ച യുവാവ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രത്യേകം സജ്ജീകരിച്ച ഐസോലേഷന്‍ വാര്‍ഡിലാണുള്ളത്. ഇയാളെ ഇവിടെ പരിചരിച്ച രണ്ട് നഴ്‌സിംഗ് ജീവനക്കാരേയും നിരീക്ഷണത്തില്‍ നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് രോഗലക്ഷണങ്ങളില്ല.
വിദ്യാര്‍ത്ഥി സഞ്ചരിച്ച സ്ഥലങ്ങളിലും താമസിച്ച ഇടങ്ങളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തുകയും പ്രദേശവാസികളുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്.
നിപ ബാധിച്ച വിദ്യാര്‍ത്ഥി താമസിച്ച സ്ഥലങ്ങളിലും ഇയാളുമായി അടുത്ത് ഇടപഴകിയവരുമായും ഉദ്യോഗസ്ഥര്‍ സമ്പര്‍ക്കം നടത്തി വരികയാണ്. പറവൂരില്‍ പഞ്ചായത്തുമായി സഹകരിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഇപ്പോഴും തുടരുകയാണ്.

SHARE