കുമളി: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കൊരങ്ങിണിലുണ്ടായ കാട്ടുതീയില്‍ അകപ്പെട്ട് 10 പേര്‍ വെന്തുമരിച്ചു. മരിച്ചവരില്‍ അഞ്ചു പേര്‍ സ്ത്രീകളും മൂന്നു പേര്‍ പുരുഷന്‍മാരുമാണ്. രക്ഷാപ്രവര്‍ത്തനത്തില്‍ ഇതുവരെ 27 പേരെ രക്ഷപ്പെടുത്തി. ഇനിയും ആളുകളെ കണ്ടെത്താനുണ്ട്. ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. അതേസമയം കാട്ടുതീ നിയന്ത്രണ വിധേയമായെന്നു അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തെത്തിയിട്ടുണ്ട്. രക്ഷപ്പെട്ട നാലു പേര്‍ മധുര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാലു പേരെ തേനിയിലെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചിരുകയാണ്. അപകടത്തില്‍പ്പെട്ടവര്‍ക്ക് എല്ലാ സഹായവും കേരളം ചെയ്യുമെന്ന് വനം മന്ത്രി രാജു പ്രതികരിച്ചു.
Responding to the request from the Hon @CMOTamilNadu on the forest -fire related issue -20 students are caught in Kurangani, Theni district. Instructed @IAF_MCC to help in rescue and evacuation. The Southern Command is in touch with the Collector of Theni. @ThanthiTV @pibchennai
— Nirmala Sitharaman (@nsitharaman) March 11, 2018
വ്യോമ സേനയുടെ രണ്ടു ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെ കൊരങ്ങണി വനമേഖലയിലെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.ഫയര്‍ഫോഴ്‌സ്, പോലീസ്, നാട്ടുകാര്‍ എന്നിവരുടെ സംയുക്ത ശ്രമത്തില്‍ കാട്ടിനുള്ളില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായിട്ടുണ്ട്. വനത്തിനുള്ളില്‍ കുടുങ്ങിയവരെ താഴ്വാരത്തിലെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
സംഭവത്തില്‍ പൊള്ളലേറ്റ് പലരുടെയും നില അതീവഗുരുതരമാണ്. കോയമ്പത്തൂര്‍ ഈറോഡ്, തിരുപ്പൂര്‍, സേലം എന്നിവിടങ്ങളിലെ സ്വകാര്യ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെയാണു കാട്ടുതീയില്‍പ്പെട്ടു കാണാതായത്. മീശപ്പുലിമല ട്രക്കിങ്ങിനായി പോയവരാണു കാട്ടിനുള്ളില്‍ കുടുങ്ങിയത്. 40 പേരാണു സംഘത്തിലുണ്ടായിരുന്നത്. അതേസമയം ട്രക്കിങ് സംഘത്തിലുണ്ടായിരുന്നവരുടെ എണ്ണം സംബന്ധിച്ച് പുതിയ കണക്കുകളാണ് പുറത്തു വരുന്നത്. 60 ലധികം പേരുടെ സംഘമാണ് ട്രക്കിങിന് പോയതെന്നാണ് അവസാനം ലഭിച്ച വിവരം.
കാട്ടുതീ പടരുന്ന പ്രദേശമായതിനാല്‍ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. വിദ്യാര്‍ഥികള്‍ അനധികൃതമായി മല കയറിയതാണെന്നാണ് കരുതുന്നത്. മൂന്നാറില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ശേഷം വിദ്യാര്‍ഥികള്‍ മലകയറുകയായിരുന്നു. തേനിയിലെ ബോഡിമേട്ട് ഇറങ്ങുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കാട്ടുതീ മൂലം ഇവര്‍ കാട്ടില്‍ അകപ്പെട്ടു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.