ലോക്ക്ഡൗണ്‍ ലംഘിച്ച് വിദേശികളുടെ കറക്കം; മാതൃകാ ശിക്ഷ നല്‍കി പോലീസ്

ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ വിദേശികള്‍ക്ക് ആദ്യ ഘട്ടത്തില്‍ ലഘുശിക്ഷ നല്‍കി പോലീസ്. ഉത്തരാഖണ്ഡിലെ ഋഷികേശിലെ തപോവന്‍ മേഖലയില്‍ ഗംഗാനദിക്ക് സമീപം അലഞ്ഞുതിരിയുകയായിരുന്ന വിവിധരാജ്യക്കാരായ പത്തുവിദേശികളെയാണ് പോലീസ് പിടികൂടി ഇംപോസിഷന്‍ എഴുതിച്ചി വിട്ടത്.

ലോക്ക്ഡൗണ്‍ ലംഘിച്ച ഇസ്രയേല്‍, ഓസ്ട്രേലിയ, മെക്സികോ, യൂറോപ്യന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് പോലീസ് പിടികൂടിയത്.

മേഖലയില്‍ ഏതാനും വിദേശികള്‍ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് കറങ്ങി നടക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പത്തു പേര്‍ പിടിയിലായത്.

ലോക്ക്ഡൗണില്‍ കാരണമില്ലാതെ പുറത്തിറങ്ങി നടന്നത് എന്തിനാണെന്ന ചോദ്യത്തിന്, രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പുറത്തിറങ്ങാമെന്നാണ് കരുതിയതെന്നാണ് മറുപടിയായി ഇവര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ചെയ്തത് നിയമലംഘനമാണന്നും ഇളവുകള്‍ കറങ്ങിനടക്കാനെല്ല മറിച്ച് അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനായി പുറത്തിറങ്ങുന്നവര്‍ക്കാണെന്നും പോലീസ് ഇവരെ മനസ്സിലാക്കി. തുടര്‍ന്ന് ശിക്ഷയായി അഞ്ഞൂറുതവണ ക്ഷമാപണം എഴുതാനും പോലീസ് ആവശ്യപ്പെട്ടു.

‘ഞാന്‍ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ പാലിച്ചില്ല, എന്നോട് ക്ഷമിക്കണം’ എന്ന് ഇവരെക്കൊണ്ട് 500 തവണയാണ് പോലീസ് എഴുതിച്ചത്.

ഏകദേശം അഞ്ഞൂറോളം വിദേശികള്‍ ഉത്തരാഖണ്ഡിലെ തപോവന്‍ മേഖലയില്‍ താമസിക്കുന്നുണ്ടെന്നാണ് വിവരം. ഇവരില്‍ പലരും ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നുണ്ടെന്നും പരാതിയുയരുന്നുണ്ട്.

ഇത്തവണ ലഘുവായ ശിക്ഷയാണ് നല്‍കുന്നതെന്നും എന്നാല്‍ വീണ്ടും ലോക്ക്ഡൗണ്‍ ലംഘിക്കുകയാണെങ്കില്‍ ഇവരെ കരിമ്പട്ടികയില്‍ പെടുത്തി പ്രവേശനം തടയുമെന്നും തപോവന്‍ പോലീസ് ഉദ്യോഗസ്ഥന്‍ വിനോദ് കുമാര്‍ ശര്‍മ പ്രതികരിച്ചു.