വാടക വീട്ടില്‍ വ്യാജമദ്യ നിര്‍മാണം: യുവാവ് അറസ്റ്റില്‍

കോഴിക്കോട്: വാടക വീട്ടില്‍ വ്യാജമദ്യ നിര്‍മാണം നടത്തിയ യുവാവ് അറസ്റ്റില്‍. ഇരിട്ടി സ്വദേശി ഷിനു എന്ന ജിനോ സെബാസ്റ്റിയനെയാണ് കോഴിക്കോട് കുന്ദമംഗലത്ത് വ്യാജമദ്യ നിര്‍മാണത്തിനിടെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. വിതരണത്തിനായി തയ്യാറാക്കിയിരുന്ന 620 ലിറ്റര്‍ വ്യാജമദ്യവും ലേബലും നിര്‍മാണസാധനങ്ങളും എക്‌സൈസ് സംഘം പിടിച്ചെടുത്തു.

മില്‍മക്ക് സമീപത്ത് ആളൊഴിഞ്ഞ സ്ഥലത്തെ വലിയ വീട് നാല് മാസം മുമ്പാണ് ഇയാള്‍ വാടകക്കെടുത്തത്. പ്രത്യേക മുറിയില്‍ മദ്യനിര്‍മാണ പ്ലാന്റ് തയ്യാറാക്കി മംഗലാപുരത്ത് നിന്ന് സ്പിരിറ്റ് എത്തിക്കലും മദ്യം തയ്യാറാക്കലും സീല്‍ ചെയ്തുള്ള വിതരണവുമെല്ലാം ഒറ്റക്കായിരുന്നു. രണ്ടാഴ്ച മുമ്പ് വ്യാജമദ്യവുമായി കുന്ദമംഗലത്ത് പിടിയിലായ യുവാവാണ് ജിനോയുടെ അറസ്റ്റിന് വഴിതുറന്നത്. അന്വേഷണത്തില്‍ മൊത്തക്കച്ചവടക്കാരനെ കുറിച്ചുള്ള കൃത്യമായ വിവരം കിട്ടി. പുലര്‍ച്ചെ വീട് വളഞ്ഞാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

നിര്‍മാണത്തിനായി തയ്യാറാക്കിയിരുന്ന 420 ലിറ്റര്‍ സ്പിരിറ്റും വില്‍പനക്കായി തയ്യാറാക്കിയ 200 ലിറ്റര്‍ മദ്യവുമാണ് പിടികൂടിയത്. ഉല്‍പാദനവും വിതരണവും മറ്റാരുടേയും സഹായമില്ലാതെയാണ് ചെയ്തിരുന്നതെന്നാണ് ജിനോയുടെ മൊഴി. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് അറിയിച്ചു.

SHARE