കല്‍പ്പറ്റ: വയനാടന്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാര്‍ഗങ്ങളുമായി വയനാടിന്റെ സ്വന്തം എം.പി രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടിലെത്തി.
മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന സന്ദര്‍ശനത്തില്‍ ഇന്നലെ മുഴുവന്‍ വയനാട് ജില്ലയിലായിരുന്നു രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പിലെ റെക്കോഡ് വിജയത്തിന് പിന്നാലെ മണ്ഡലത്തിലെത്തിയ രാഹുല്‍ എന്നും വയനാടിനൊപ്പമുണ്ടാവുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ആ ഉറപ്പ് പാലിക്കുന്നതാവുകായാണ് സന്ദര്‍ശനം.
വയനാട് ജില്ലയുടെ എക്കാലത്തെയും വലിയ സ്വപ്നമായ വയനാട് മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാക്കാന്‍ ജില്ലയില്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായി ചര്‍ച്ചനടത്തുമെന്ന രാഹുല്‍ പറഞ്ഞു. വയനാട്ടില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ബത്തേരിയിലുള്ള ബീനാച്ചി എസ്റ്റേറ്റ് വിട്ടുകിട്ടുന്നതിനായി ഇടപെടാന്‍ തയ്യാറാണെന്നും ഇതിനായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായി ചര്‍ച്ചനടത്തുമെന്ന രാഹുല്‍ പറഞ്ഞു. അരനൂറ്റാണ്ടോളമായി ബീനാച്ചി എസ്റ്റേറ്റില്‍ 400 ഓളം ഏക്കര്‍ സ്ഥലം മധ്യപ്രദേശ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലായുണ്ട്. ഇത് മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ വിട്ടുകിട്ടാനുള്ള നടപടിക്കാണ് ശ്രമിക്കുക.
ഇതുവരെ ജില്ലയോട് വാഗ്ദാനം ചെയ്ത കാര്യങ്ങളെല്ലാം പാലിച്ച രാഹുല്‍ മെഡിക്കല്‍ കോളജ് വിഷയത്തിലും വയനാടിന്റെ വികാരങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് തന്നെയാണ് ജനങ്ങളുടെ പ്രതീക്ഷയും.
കഴിഞ്ഞ ദിവസം രാത്രി ജില്ലയിലെത്തിയ രാഹുല്‍ ഗാന്ധിയുടെ ഇന്നലെത്തെ പരിപാടികള്‍ തുടങ്ങിയത്. രാവിലെ 10 മണിക്ക് മീനങ്ങാടി ചോളയില്‍ ഓഡിറ്റോറിയത്തില്‍ നടന്ന എം ഐ ഷാനവാസ് അനുസ്മരണപരിപാടിയോടെയാണ്. തുടര്‍ന്ന് സുല്‍ത്താന്‍ബത്തേരി സര്‍വജന സ്കൂളിലെ ക്ലാസ്മുറിയില്‍ നിന്നും പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്ല ഷെറിന്റെ വീട് സന്ദര്‍ശിച്ചു.
കുടുംബങ്ങളോട് ആശയവിനിമയം നടത്തിയ രാഹുല്‍, മകളുടെ അകാലവിയോഗത്തിന്റെ ദുഖത്തില്‍ നിന്നും ഇനിയും മോചിതരായിട്ടില്ലാത്ത രക്ഷിതാക്കളെയും, മറ്റ് കുടുംബാംഗങ്ങളെയും സമാശ്വസിപ്പിച്ചു. ഇതിന് ശേഷം സംഭവം നടന്ന സര്‍വജന സ്കൂളിലും രാഹുല്‍ സന്ദര്‍ശനം നടത്തി. ഉച്ചക്ക് ശേഷം വാകേരി ഹൈസ്ക്കൂളില്‍ എം എസ് ഡി പി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
വൈകിട്ടോടെ കല്‍പ്പറ്റയിലെത്തുന്ന രാഹുല്‍ യു ഡി എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. തുടര്‍ന്ന് വൈത്തിരി ഗവ. ആശുപത്രിയിലെ പുതിയതായി നിര്‍മ്മിച്ച കെട്ടിടോദ്ഘാടനം ചെയ്യുകയും ലക്കിടിയിലെ നവോദയ സ്കൂള്‍ സന്ദര്‍ശനം നടത്തുകയും ചെയ്തതിന് ശേഷമാണ് ഇന്നലെ പരിപാടികള്‍ അവസാനിച്ചത്. രാവിലെ 9.30ന് കല്‍പ്പറ്റ കലക്ട്രേറ്റ് എ പി ജെ ഹാളില്‍ നടക്കുന്ന ജില്ലാപഞ്ചായത്ത് യോഗത്തോടെയാണ് ഇന്നത്തെ രാഹുലിന്റെ പരിപാടി ആരംഭിക്കുക. തുടര്‍ന്ന് 11 മണിയോടെ ബത്തേരിയിലെത്തുന്ന രാഹുല്‍ യു ഡി എഫ് ബത്തേരി നിയോജകമണ്ഡലം കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തകരോട് സംവദിക്കും.
12 മണിക്ക് സുല്‍ത്താന്‍ബത്തേരി അസംപ്ഷന്‍ ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്ന രാഹുല്‍ഗാന്ധി ഉച്ചക്ക് രണ്ട് മണിയോടെ വെള്ളമുണ്ട എട്ടേനാലില്‍ വെച്ച് നടക്കുന്ന മാനന്തവാടി നിയോജകമണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കും. മുറ്റത്തെ മുല്ല എന്ന പേരില്‍ മാനന്തവാടി ഫാര്‍മേഴ്സ് ബാങ്ക് കുടുംബശ്രീ യൂണിറ്റിന് വേണ്ടി നടപ്പിലാക്കുന്ന മുറ്റത്തെ മുല്ല ലോണ്‍പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്ന രാഹുല്‍ഗാന്ധി തുടര്‍ന്ന് മുന്ന് മണിയോടെ ഡല്‍ഹിയിലേക്കുള്ള യാത്രക്കായി കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് തിരിക്കും.